തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും; മകരവിളക്ക് 14ന്
text_fieldsപന്തളം: മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ബുധനാഴ്ച പന്തളത്തുനിന്ന് ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോകും. 14നാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗസംഘമാണ് ശിരസ്സിലേറ്റുന്നത്.
86 വയസ്സിലും ഗുരുസ്വാമിയുടെ നിയോഗവുമായി കുളത്തിനാൽ ഗംഗാധരൻപിള്ള ഇത്തവണയും തിരുവാഭരണങ്ങൾ ആദ്യം ശിരസ്സിലേറ്റും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ ഘോഷയാത്രയ്ക്ക് ഒപ്പമുള്ള യാത്ര അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്. എന്നാലും ശബരിമലയിൽ എത്തും. ഇദ്ദേഹത്തിന്റെ മകൻ ഉണ്ണികുളത്താനാൽ ഘോഷയാത്രക്കൊപ്പമുണ്ട്. പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധി മൂലം നാൾ ശങ്കർ വർമ തിരുവഭാരണത്തെ അനുഗമിക്കും.
ബുധനാഴ്ച രാവിലെ 11.40ന് ആഭരണങ്ങള്‍ കൊട്ടാരത്തിൽനിന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ആചാരപരമായ ചടങ്ങുകള്‍ നടക്കും. 12.55ന് നീരാഞ്ജനമുഴിഞ്ഞു തിരുവാഭരണപ്പെട്ടി പുറത്തേക്കെഴുന്നള്ളിച്ച് ഗുരുസ്വാമി ശിരസ്സിലേറ്റും. സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി പൊലീസ് അസി. കമാൻഡർ പി.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 40 അംഗ സായുധസേന തിരുവാഭരണത്തെ അനുഗമിക്കും. കൂടാതെ രാജപ്രതിനിധിയുടെ പല്ലക്ക് ചുമക്കാൻ പടക്കുറുപ്പന്മാരായ വേണുഗോപാൽ, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംഘവും ഉണ്ടാവും.
പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രസംഘം അവിടെ തങ്ങും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്. പ്ലാപ്പള്ളിയില്‍നിന്ന് അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകീട്ടോടെ സംഘം ശബരിമലയില്‍ എത്തിച്ചേരും.
തിരുവാഭരണങ്ങള്‍ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. തീര്‍ഥാടകര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കർശന സുരക്ഷയും ഏർപ്പെടുത്തി. തിരുവാഭരണത്തെ യാത്രയാക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധിപേർ ബുധനാഴ്ച പന്തളത്ത് എത്തും. പന്തളത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എം.സി റോഡിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
മകരജ്യോതി: വ്യൂ പോയന്റുകളില്‍ സൗകര്യവും സുരക്ഷയും ഒരുക്കാൻ നടപടി
പത്തനംതിട്ട: മകരജ്യോതി ദര്‍ശനത്തിന് വ്യൂ പോയന്റുകളിലെത്തുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. മകരജ്യോതി വ്യൂ പോയന്റായ പഞ്ഞിപ്പാറ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയില്‍ ഒമ്പത് ജ്യോതി ദര്‍ശന കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയില്‍ മൂന്നും കോട്ടയത്ത് ഒരു കേന്ദ്രവുമാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വ്യൂ പോയന്റുകളില്‍ കുടിവെള്ളം, ശൗചാലയം, സുരക്ഷ ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി.ഈശോ, കോന്നി തഹസില്‍ദാര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
എം.സി റോഡിൽ ഗതാഗതം തിരിച്ചുവിടും
പന്തളം: തിരുവാഭരണപാത കടന്നു പോകുന്നതിനാൽ ബുധനാഴ്ച രാവിലെ മുതൽ എം.സി റോഡിൽ ഗതാഗതം തിരിച്ചുവിടും. അടൂരിൽനിന്ന് വരുന്ന വാഹനങ്ങൾ പന്തളം ജങ്ഷനിൽനിന്ന് തിരിഞ്ഞ് തുമ്പമൺ, അമ്പലക്കടവുവഴി കുളനടയിലെത്തി പോകണം. ചെങ്ങന്നൂരിൽനിന്ന് വരുന്ന വാഹനങ്ങൾ കുളനടയിൽനിന്ന് അമ്പലക്കടവ്, തുമ്പമൺ, കിരുക്കഴിവഴി അടൂരിലേക്കുപോകണം. ക്ഷേത്രത്തിന് സമീപം എം.സി റോഡരികിലും തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതയിലും വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.