തിരുവാഭരണം കാണാനില്ല; ക്ഷേത്രത്തിലെ പൂജാരി വിശ്രമമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
text_fieldsചെങ്ങമനാട്: പുതുവാശേരി ശ്രീ ശ്രാമ്പിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി വിശ്രമമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. പറവൂർ വടക്കേക്കര കുഞ്ഞിതൈ കണ്ണാടത്ത് വീട്ടിൽ 'ശ്രീഹരി'യെന്ന കെ.എസ്. സാബുവിനെയാണ് (44) മുറിയുടെ മുകളിൽ സ്ഥാപിച്ച പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ആലപ്പുഴ സ്വദേശിയായ സാബു
കഴിഞ്ഞ അഞ്ച് വർഷത്തോളമായി കുന്നുകര തെക്കെ അടുവാശ്ശേരിയിലാണ് കുടുംബസമേതം വാടകക്ക് താമസിക്കുന്നത്. ഏതാനും ദിവസങ്ങളായി സാബുവും, ഭാര്യ സരിതയും, ഏകമകൻ അഭിഷേകും കുഞ്ഞിതൈയിലുള്ള വീട്ടിലായിരുന്നു. തിങ്കളാഴ്ച രാത്രി സാബു മാത്രം അടുവാശ്ശേരിയിലെ വീട്ടിലേക്ക് വരികയും, ചൊവ്വാഴ്ച പുലർച്ചെ പൂജക്ക് പോകാൻ വിളിച്ചുണർത്തണമെന്ന് മകനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അപ്രകാരം ചൊവ്വാഴ്ച പുലർച്ചെ അഭിഷേക് ഫോണിൽ ബന്ധപ്പെട്ടെങ്കിലും എടുത്തില്ല. തുടർന്ന് 5.30ഓടെ അഭിഷേക് സുഹൃത്തിനൊപ്പം ക്ഷേത്രത്തിലെത്തി നോക്കിയപ്പോഴാണ് ഓഫീസിനോട് ചേർന്ന പൂജാരിമാർ വിശ്രമമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതിനിടെ ക്ഷേത്രത്തിലെ ദേവിയെ ചാർത്തിയിരുന്ന 12 പവനിലേറെ തൂക്കം വരുന്ന തിരുവാഭരണം കാണാതായിട്ടുണ്ട്. മറ്റൊരു പൂജാരിയെ എത്തിച്ച് ക്ഷേത്രത്തിനകത്തെ ആഭരണപെട്ടി തുറന്ന് നോക്കിയപ്പോൾ ഒരു പവനോളം വരുന്ന മാല കിട്ടിയെങ്കിലും അത് മുക്കുപണ്ടമായിരുന്നു. ഒന്നരയാഴ്ച മുമ്പായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. ഉത്സവം സമാപിച്ചതിന് ശേഷം തിരുവാഭരണം ലോക്കറിൽ സൂക്ഷിക്കാൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലത്രെ.
ചൊവ്വാഴ്ച രാവിലെ തിരുവാഭരണം തിരിച്ചേൽപ്പിക്കാമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെയായിരുന്നു മരണം. ഉത്സവവുമായി ബന്ധപ്പെട്ട് പുറമെ നിന്ന് പ്രത്യേക പൂജക്കെത്തിയ പൂജാരിക്ക് ദേവിയെ ചാർത്തിയ തിരുവാഭരണത്തിൽ നിറം മങ്ങിയത് ശ്രദ്ധയിൽപ്പെടുകയും, അക്കാര്യം കമ്മിറ്റിക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒരാഴ്ചയോളമായി തിരുവാഭരണം തിരിച്ചുവാങ്ങാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പെട്ടിയുടെ താക്കോലും സാബുവിൻ്റെ കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു. സാബു കടുത്ത സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതിമാസം 10,000 രൂപയായിരുന്നു ശമ്പളം. എന്നാൽ ശമ്പള ഇനത്തിൽ 1.40ലക്ഷത്തിലേറെ കുടിശികയുണ്ടായിരുന്നു. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന്നായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.