നഴ്സ് ചമഞ്ഞ് കൊല്ലാൻ ശ്രമം: പ്രതിയെ പൊക്കാൻ സഹായിച്ചത് യൂനിഫോമിലെ വ്യത്യാസവും പെരുമാറ്റത്തിലെ അസ്വാഭാവികതയും
text_fieldsതിരുവല്ല: പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച് ചികിത്സയിൽ കിടന്ന യുവതിയെ കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പിടിക്കാൻ സഹായിച്ചത് യൂനിഫോമിലെ വ്യത്യാസവും പെരുമാറ്റത്തിലെ അസ്വാഭാവികതയും. നഴ്സിന്റെ വേഷത്തിലെത്തിയ കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷയെ (25) പുളിക്കീഴ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
കായംകുളം കരീലക്കുളങ്ങര സ്വദേശി സ്നേഹയെ കൊലപ്പെടുത്താനാണ് ശ്രമിച്ചത്. സിറിഞ്ച് ഉപയോഗിച്ച് ധമനികളിൽ വായു കയറ്റിയുള്ള എയർ എംബോളിസം മാർഗത്തിലൂടെ വധിക്കാനായിരുന്നു ശ്രമം. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. അഞ്ച് ദിവസം മുമ്പ് പ്രസവിച്ച സ്നേഹയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് െചയ്യുന്ന ഒരുക്കത്തിലായിരുന്നു. ബില്ലടക്കാൻ ബന്ധുക്കൾ പോയ സമയത്താണ് അനുഷ മുറിയിലെത്തിയത്.
ഈ സമയം സ്നേഹയും കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്. സിറിഞ്ചുപയോഗിച്ച് കുത്തിവെച്ചെങ്കിലും സ്നേഹക്ക് യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. പരുമല ആശുപത്രിയിലെ നഴ്സുമാരുടെ വേഷവുമായി ഇവരുടെ യൂനിഫോമിനും വ്യത്യാസമുണ്ടായിരുന്നു. ഇതോടെ സ്നേഹ ബഹളം വെക്കുകയും രക്ഷപ്പെടാൻ ശ്രമിച്ച അനുഷയെ ആശുപത്രി ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയുമായിരുന്നു. സ്നേഹക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. അനുഷ, സ്നേഹയുടെ ഭർത്താവിന്റെ സുഹൃത്താണെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.