രാജ്ഭവൻ ചെലവ് വർധന ആവശ്യം പുറത്തുവന്നത് തിരുവല്ല യാത്രക്ക് പിന്നാലെ
text_fieldsതിരുവനന്തപുരം: രാജ്ഭവൻ ചെലവിൽ വൻ വർധന ആവശ്യപ്പെട്ട വിവരം പുറത്തുവന്നത്, നെല്ല് കൊടുത്തിട്ടും പണം ലഭിച്ചില്ലെന്ന കാരണത്താൽ കുട്ടനാട്ടിൽ ജീവനൊടുക്കിയ കർഷകന്റെ മൃതദേഹം കാണാൻ ഗവർണർ പോവുകയും സർക്കാറിനെ വിമർശിക്കുകയും ചെയ്തതിനു പിന്നാലെ. സംസ്ഥാന സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുമ്പോൾ കർഷകരടക്കം ബുദ്ധിമുട്ടുകയാണെന്നായിരുന്നു ഗവർണറുടെ വിമർശനം.
സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവന്റെ പ്രവർത്തനത്തെയും ബാധിച്ചെന്നും കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഇതു രണ്ടും സർക്കാറിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവൻ ചെലവിൽ വൻ വർധന ആവശ്യപ്പെട്ടുള്ള ഫയൽ വിശദാംശങ്ങൾ സർക്കാർ കേന്ദ്രങ്ങളിൽനിന്നുതന്നെ പുറത്തുവരുന്നത്.
ഗവർണറുടെ യാത്രാ ചെലവ് വർധിച്ചുവെന്ന് രാജ്ഭവൻ കേന്ദ്രങ്ങൾതന്നെ സമ്മതിക്കുന്നുമുണ്ട്. എന്നാൽ, വിവിധ ഇനങ്ങളിൽ ചെലവഴിക്കാത്ത തുകയാണ് അധിക ചെലവുള്ള ഇനത്തിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്നതെന്നാണ് ഇവർ പറയുന്നത്.
മുൻകാലങ്ങളെ അപേക്ഷിച്ച് രാജ്ഭവനിൽ എത്തുന്ന സന്ദർശകരുടെ എണ്ണം വൻതോതിൽ വർധിച്ചെന്നും അതുവഴിയാണ് അതിഥി, സൽക്കാര ചെലവുകൾ വർധിച്ചതെന്നും പറയുന്നു. രാജ്ഭവനുള്ള ബജറ്റ് അടങ്കൽ 12.52 കോടി രൂപയാണെന്നും ഇതുവരെ ചെലവഴിച്ചത് 6.7 കോടി രൂപയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.