തിരുവല്ലത്തെ പൊലീസ് കസ്റ്റഡി മരണം: സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കസ്റ്റഡിയിലിരിക്കെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവ് മരിച്ചെന്നാണ് പൊലീസ് വിശദീകരണം.
എന്നാല്‍, ലോക്കപ്പ് മർദനമുണ്ടായെന്ന് ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ പൊലീസ് ക്രൂരമായി മർദിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായ പൊതു സാഹചര്യത്തില്‍ ലോക്കപ്പ് മർദനത്തെ തുടര്‍ന്നാണ് സുരേഷ് എന്ന യുവാവ് മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം മുഖവിലയ്‌ക്കെടുക്കണം.
സംസ്ഥാനത്ത് ഗുണ്ടാ വിളായട്ടവും പൊലീസ് അതിക്രമങ്ങളും ജനജീവിതത്തിന് വെല്ലുവിളിയായിട്ട് കാലങ്ങളായി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പൊലീസ് സേന അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നു മാത്രമല്ല കസ്റ്റഡി മരണങ്ങളും പൊലീസ് അതിക്രമങ്ങളും വ്യാപകമാകുകയും ചെയ്യുന്നു.
മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിൽ നിയന്ത്രണം നഷ്ടപ്പെട്ടിട്ട് നാളേറെയായി. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം ശരിയെന്നു തെളിയെന്നു സംഭവങ്ങളാണ് ഓരോ മണിക്കൂറിലും നടക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
തിരുവല്ലം പൊലീസ് സ്‌റ്റേഷനില്‍ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി പറഞ്ഞു. നെഞ്ചുവേദ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപ്രതിയിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് മരണം സംഭവിച്ചെന്നുമാണ് പൊലീസ് ഭാഷ്യം. ഇത് വിശ്വാസയോഗ്യമില്ല. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് വരണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്.
അതിനാല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടി നടത്തണമെന്നും ആടിനെ പട്ടിയാക്കുന്ന കേരള പൊലീസ് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസായതിനാല്‍ ഈ സംഭവുമായി ബന്ധപ്പെട്ട് ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്നും സുധാകരന്‍ പറഞ്ഞു.
കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഈ കേസിലും മരണപ്പെട്ട വ്യക്തിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അപ്പോള്‍ അസ്വസ്ഥതകള്‍ ഉള്ളതായി ബോധ്യപ്പെട്ടിട്ടില്ല.
അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ വെയ്ക്കുന്നതിന് പകരം എന്തുകൊണ്ട് ആശുപത്രിയിലേക്ക് മാറ്റിയില്ല? മാത്രവുമല്ല രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടയുടനെ ഇയാളെ എന്തുകൊണ്ട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയില്ല ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
കസ്റ്റഡി മരണ ആരോപണത്തില്‍നിന്നും പൊലീസ് പഴുതുകള്‍ ഉണ്ടാക്കി രക്ഷപ്പെടാൻ വേണ്ടിയാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന ആക്ഷേപം നിലനില്‍ക്കുന്നു. മരിച്ച വ്യക്തിയുടെ ബന്ധുകള്‍ ഇതിനോടകം ലോക്കപ്പ് മർദനം ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സത്യം കണ്ടെത്താന്‍ സുരേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് മുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു.
പിണറായി ഭരണത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനനില പൂർണമായും തകര്‍ന്നു. ജനപ്രതിനിധികള്‍ക്ക് പോലും ഒരു സുരക്ഷിതത്വവുമില്ല. കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ക്രിമിനല്‍ കേസുകളില്‍ സ്ഥിരം പ്രതിയായ ഒരാള്‍ അടിച്ചു തകര്‍ത്തു. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും പൊലീസ് പറയുന്നത് പ്രതി മാനസിക പ്രശ്‌നങ്ങളുള്ള വ്യക്തിയെന്നാണ്.
ലഹരി മാഫിയയും ക്രിമിനല്‍ സംഘങ്ങളും അഴിഞ്ഞാടുകയാണ്. സി.പി.എമ്മും കേരള സര്‍ക്കാരും അവര്‍ക്ക് സംരക്ഷണം ഒരുക്കുന്നു. മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനങ്ങളുടെ തിരിക്കിലായതിനാല്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സമയമില്ല. പൊലീസിനെ രാഷ്ട്രീയവത്കരിച്ചതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.