തൃശ്ശൂര്‍ പൂരം സുഗമമായി നടത്താൻ സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം
text_fieldsതൃശ്ശൂര്‍: പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്‍റ് സുന്ദര്‍ മേനോന്‍ ആവശ്യപ്പെട്ടു. പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം ഉദ്യോഗസ്ഥരുമായിട്ടാണ് ഇത്തവണ യോഗം നടത്തിത്. എന്നിട്ടും ആവശ്യമില്ലാത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ബുദ്ധിമുട്ടിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്.
പൂരം നല്ല രീതിയിൽ നടത്താനുള്ള അനുമതി തങ്ങൾക്ക് വേണം. യോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാണ് പൂരം നടത്തുന്നത്. ചിട്ടപ്പെടുത്തിയ ക്രമം മാറ്റാനും ഇതുമൂലം നിർബന്ധിതരാവുന്നു. പൂരം വെടിക്കെട്ട് അലങ്കോലമാക്കിയ കമീഷണർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. പൂരം നടത്തുന്നതിന് ഒരു മുന്നൊരുക്കവും നടത്താതെ സ്വന്തം നിലക്ക് കമീഷണർ കാര്യങ്ങൾ ചെയ്തത്. കമീഷണറുടെ ജീവിതത്തിലെ കറുത്ത അധ്യായമാണിത്. ഗുണ്ടാ, പൊലീസ് രാജായിരുന്നു നടത്തിയത്. എസ്.പി സുദർശൻ ഇരുദേവസ്വങ്ങളുമായി നല്ല ബന്ധത്തിൽ ആണ് പോയത്. അദ്ദേഹത്തിനെതിരെ നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്.
നടുവിലാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ചാർജുള്ള ഒരു ഡി.വൈ.എസ്.പി അപമര്യാദയായി പെരുമാറി. ഷാജി എന്നോ മറ്റോ പേരുള്ള ഉദ്യോഗസ്ഥനാണ്. വടക്കുന്നാഥന് മുന്നിലെ ദീപസ്തംഭം കത്തിക്കുന്നത് തടഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി തോമസ് മതിയായ പാസ് നൽകിയില്ലെന്നും തിരുവമ്പാടി ദേവസ്വം പറഞ്ഞു.
കുടമാറ്റ സമയത്ത് സ്പെഷ്യൽ കുടകൾ കൊണ്ട വരാൻ അനുവദിക്കാതിരിക്കുക, പട്ട കൊണ്ടുവരാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ സംഭവങ്ങളുണ്ടായി. രാത്രി മഠത്തിൽ വരവിന് റോഡ് അടക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. കമീഷണറുടെ നിർദേശം പാലിച്ചേ പറ്റൂ എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. തുടർന്നാണ് മഠത്തിലെ വരവ് നിർത്തി പന്തലണച്ചത്. നിർത്തിവെക്കാതിരിക്കാൻ ഒരു വഴിയും ഉണ്ടായില്ല. ജില്ലാ കളക്ടറുടെ ഉറപ്പിലാണ് വീണ്ടും വെടിക്കെട്ട് നടത്താൻ സമ്മതിച്ചത്. പൊലീസ് ജനകീയമാകണമെന്നും തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.