തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ; കേരളത്തിന്റെ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് കൈമാറിയതിനെതിരെ തൊഴിലാളി യൂനിയനുകൾ മുന്നോട്ടുവെച്ച വാദവും തള്ളി സുപ്രീം കോടതി. സ്വകാര്യ കമ്പനി എടുക്കുന്നതോടെ തങ്ങളുടെ തൊഴിൽ സാഹചര്യങ്ങളെ ബാധിക്കുമെന്ന യൂനിയനുകളുടെ വാദവും തള്ളിയാണ് അദാനി കമ്പനിക്ക് തന്നെ നടത്തിപ്പ് ഏൽപ്പിച്ചത്. തൊഴിലാളികൾക്ക് എയർപോർട്ട് അതോറിറ്റിക്ക് കീഴിലുള്ള മറ്റു വിമാനത്താവളങ്ങളിലേക്ക് മാറുകയോ സ്വകാര്യ കമ്പനിക്ക് കീഴിൽ തുടരുകയോ ചെയ്യാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അദാനിയുടെ കമ്പനി 2021 ഒക്ടോബർ മുതൽ വിമാനത്താവളം ഏറ്റെടുത്ത് നടത്തുന്ന സാഹചര്യത്തിൽ ഇനി ഇടപെടുന്നതിൽ ന്യായമില്ലെന്നും ഹരജികൾ തള്ളുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം വിമാനത്താവള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് എയർപോർട്ട് അതോറിറ്റിയുമായുള്ള കേരളത്തിന്റെ തർക്കം കോടതിക്ക് മുമ്പാകെ ഉന്നയിക്കാം.
വിമാനത്താവള ഭൂമിയും വികസനത്തിന് അധികമായി ഏറ്റെടുത്ത ഭൂമിയും സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിലാണെന്നും സർക്കാർ കമ്പനിക്ക് മുൻഗണന നൽകണമെന്നുമായിരുന്നു കേരള സർക്കാറിന്റെ വാദം. കേരള സർക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ നടത്തി പരിചയമുണ്ടെന്നും വിമാനത്താവള നടത്തിപ്പിലെ മുൻപരിചയം എന്ന വ്യവസ്ഥ അദാനിക്കായി മാറ്റിയെന്നും കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു. സിങ് വാദിച്ചിരുന്നു.
എന്നാൽ, സംസ്ഥാന സർക്കാർ ലേല ഉപാധികൾ നേരത്തേ ചോദ്യംചെയ്തില്ലെന്നും ആ ഉപാധികൾ അംഗീകരിച്ച് ലേലത്തിൽ പങ്കെടുത്തുവെന്നും ബെഞ്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.