തിരുവനന്തപുരം ജില്ലയിൽ ഇരട്ടവോട്ട് കൂടുതലെന്ന്; നടപടി വേഗത്തിലാക്കാൻ കലക്ടറുടെ നിർദേശം
text_fieldsതിരുവനന്തപുരം: ഇരട്ടവോട്ടിൽ കർശന നടപടികളുമായി തിരുവനന്തപുരം ജില്ലാ കലക്ടർ. ജില്ലയിൽ ഇരട്ടവോട്ട് കൂടുതലെന്ന് വരണാധികാരി കൂടിയായ കലക്ടർ വ്യക്തമാക്കി. ഇരട്ടിപ്പുള്ള വോട്ടർമാരുടെ പട്ടിക ഉടൻ തയാറാക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി. വോട്ടർപട്ടികയിൽ അപാകതയില്ലെന്ന് ബി.എൽ.ഒമാരിൽ നിന്ന് സാക്ഷ്യപത്രം വാങ്ങണമെന്നും 30ന് മുമ്പ് വിശദമായ റിപ്പോർട്ട് നൽകണമെന്നും തഹസിൽദാർമാർക്ക് കലക്ടർ നിർദേശം നൽകി.
തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇരട്ടവോട്ട് സ്ഥിരീകരിച്ചത്. ഇരട്ടവോട്ടുള്ളവരുടെ വീട്ടിൽ റിട്ടേണിങ് ഒാഫീസർമാർ പോയി നേരിട്ടു പരിശോധിക്കുകയും ഒന്നിലധികമുള്ള വോട്ട് റദ്ദാക്കുകയും വേണം. ഒരു വ്യക്തി എവിടെയാണോ താമസിക്കുന്നത് ആ സ്ഥലത്ത് മാത്രമായിരിക്കണം വോട്ട് ഉണ്ടായിരിക്കേണ്ടത്. മറ്റ് വോട്ടുകൾ റദ്ദാക്കണം. വോട്ട് റദ്ദാക്കിയെന്ന സാക്ഷ്യപത്രം ബി.എൽ.ഒമാർ തഹസിൽദാർമാർക്ക് കൈമാറണമെന്നും നടപടിക്രമങ്ങളിൽ കലക്ടർ വ്യക്തമാക്കുന്നു.
ഇരട്ടവോട്ട് റദ്ദാക്കിയെന്ന് ഉറപ്പുവരുത്തേണ്ടത് ബി.എൽ.ഒമാരുടെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടാനാണ് സാക്ഷ്യപത്രം കൊണ്ട് അർഥമാക്കുന്നത്. കൂടാതെ, ഒാരോ നിയോജക മണ്ഡലത്തിലും എത്ര ഇരട്ടവോട്ടുകൾ റദ്ദാക്കിയെന്ന് തഹസിൽദാർമാർ ജില്ലാ വരണാധികാരിക്ക് റിപ്പോർട്ട് നൽകുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.