ഇ സ്റ്റാമ്പിങ്ങിന് തുടക്കം: തിരുവനന്തപുരത്തും കൊല്ലത്തും ആദ്യം
text_fieldsതൃശൂർ: സംസ്ഥാനത്ത് ഇ സ്റ്റാമ്പിങ് സംവിധാനം നിലവിൽവന്നു. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫിസിലും കൊല്ലം ജില്ലയിലെ കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫിസിലുമാണ് തിങ്കളാഴ്ച മുതൽ സംവിധാനം നടപ്പാക്കിയത്. പോരായ്മകൾ പരിഹരിച്ച് മറ്റിടങ്ങളിലും നടപ്പാക്കും.
സമ്പൂർണ ഇ സ്റ്റാമ്പിങ്ങിനെക്കുറിച്ച് സർക്കാർ ഉത്തരവ് വന്നെങ്കിലും അതിനെക്കുറിച്ച് സ്റ്റാമ്പ് വെണ്ടർമാർക്ക് കാര്യമായ വിവരങ്ങൾ ഇല്ലാത്തത് ഇവരെ ആശങ്കയിലാക്കുന്നു. സാങ്കേതികമായി സ്റ്റാമ്പ് വെണ്ടർമാർ ഇ-സ്റ്റാമ്പിങ്ങിന് ഒരുങ്ങിയിട്ടുമില്ല. ഒട്ടുമിക്കവരുടെ കൈയിലും മുമ്പ് ശേഖരിച്ച മുദ്രപത്രങ്ങളുമുണ്ട്.
വെണ്ടർമാർക്ക് പണം നൽകിയാൽ ആവശ്യക്കാർക്ക് എവിടെനിന്ന് മുദ്രപത്രങ്ങൾ പ്രിൻറ് ചെയ്തെടുക്കാം. ഏത് രജിസ്ട്രാർ ഓഫിസിന് കീഴിലെ സ്റ്റാമ്പ് വെണ്ടർമാർ മുഖാന്തരം വേണമെന്ന് വാങ്ങുന്നവർക്ക് തീരുമാനിക്കാം. അതിനുള്ള ഓപ്ഷൻ സൈറ്റിലുണ്ട്.
സാധാരണ നാസിക്കിലും ഹൈദരാബാദിലുമുള്ള സെക്യൂരിറ്റി പ്രസിൽ മുദ്രണം ചെയ്യുന്ന മുദ്രപത്രങ്ങൾ ലൈസൻസ്ഡ് വെണ്ടർമാർ വഴിയാണ് ഇടപാടുകാർക്ക് വിതരണം ചെയ്യുന്നത്. രാജ്യത്ത് പലസ്ഥലത്തും വ്യാജ കറൻസി പോലെ വ്യാജ മുദ്രപത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യത്താകമാനം ഇ സ്റ്റാമ്പിങ് സംവിധാനം കൊണ്ടുവന്നത്. സ്റ്റാമ്പ് വെണ്ടർമാർ വഴി പ്രത്യേക യൂസർ ഐ.ഡിയും പാസ് വേഡുമുപയോഗിച്ചാണ് പ്രവർത്തനം. എന്നാൽ, ഇത് ഉപയോഗിക്കാൻ ആവശ്യമായ പരിശീലനം നൽകാത്തതാണ് വെണ്ടർമാരെ കുഴക്കുന്നത്.
അടിയന്തരമായി വെണ്ടർമാർക്ക് പരിശീലനം നൽകാനും ഒരു ലക്ഷത്തിന് മുകളിലുള്ള ഇ സ്റ്റാമ്പും വെണ്ടർമാർ വഴി വിതരണം ചെയ്യാനുള്ള അനുമതിയും സർക്കാർ നൽകണമെന്ന് സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.ജെ. ദേവസ്യയും ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുൽ നാസറും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.