തിരുവനന്തപുരത്ത് യെദിയൂരപ്പക്ക് നേരെ കരിങ്കൊടി പ്രതിഷേധം
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ സന്ദർശനത്തിനെത്തിയ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് നേരെ ഇന്നും ഇന്നലെയുമായി കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്തു നിന്ന് രാജരാജേശ്വരി ക്ഷേത്ര ദർശനത്തിനായി കണ്ണൂരിലേക്ക് തിരിക്കാൻ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് പൊലീസ് ഇടെപട്ട് തടയുകയായിരുന്നു.
തിങ്കളാഴ്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ടിടത്ത് യെദിയൂരപ്പയുടെ വാഹനത്തിന് നേരെ കരിെങ്കാടി കാണിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20ഓളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വൈകുന്നേരം അേഞ്ചാടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ െയദിയൂരപ്പ പത്മനാഭസ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി ഹോട്ടലിലേക്ക് പോകവെയാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു തിങ്കളാഴ്ചയിലെ ആദ്യ പ്രതിഷേധം. വാഹനവ്യൂഹത്തിന് നേരെ ഓടിയെത്തിയ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാട്ടി. പൊലീസെത്തി പ്രവർത്തകരെ നീക്കം ചെയ്തു. പിന്നാലെയാണ് അദ്ദേഹം താമസിക്കുന്ന ഹോട്ടൽ ഹൈസിന്തിന് മുന്നിൽ മുഖ്യമന്ത്രിയുടെ വാഹനം തടസ്സപ്പെടുത്തി കരിങ്കൊടി കാട്ടാനുള്ള ശ്രമം നടന്നത്.
20ഒാളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് എ.ആർ ക്യാമ്പിലേക്ക് മാറ്റി. കെ.എസ്.യു നേതാക്കളായ സെയ്ദലി കായ്പ്പാടി, റിങ്കു പടിപ്പുരയിൽ, ബാഹുൽ കൃഷ്ണ, സുഹൈൽ, അൻസാരി, യദുകൃഷ്ണൻ, മനീഷ്, ആദേഷ്, എസ്.എം. സുജിത്ത്, ഷാഹിദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കർണാടക മുഖ്യമന്ത്രിക്കായി വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.