വിവാദ കത്ത്: അന്വേഷണം കരുതലോടെ
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ വിവാദ നിയമന കത്തിൽ വിശദ അന്വേഷണത്തിലേക്ക് കടന്നാൽ സി.പി.എമ്മിനും നഗരസഭ ഭരണസമിതിക്കും എതിരാകുമോയെന്ന് ആശങ്ക. സി.പി.എമ്മിലെ ചിലരുടെ അറിവോടെയാണ് കത്ത് പുറത്തുപോയതെന്ന് വ്യക്തമാണെങ്കിലും അസ്സൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം ശരിയായ ദിശയിൽ നീങ്ങിയാൽ പാർട്ടിയിലെ ചിലരിലേക്കെത്താനും വിഭാഗീയതയുടെ കൂടുതൽ തെളിവുകൾ പുറത്തുവരാനും സാധ്യതയുണ്ട്. അതിനാൽ കരുതലോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത്.
തന്റേതായി പുറത്തുവന്ന കത്ത് വ്യാജമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ ആവർത്തിക്കുമ്പോഴും അവർ പൊലീസിൽ നേരിട്ട് പരാതി നൽകാത്തത് ഈ മുൻകരുതലിന്റെ ഭാഗമാണ്. പരാതി നൽകിയിരുന്നെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടിവരും. അങ്ങനെയെങ്കിൽ കത്ത് വ്യാജമായി തയാറാക്കിയെന്നും പുറത്തുവിട്ടെന്നും സംശയിക്കുന്നവരെ കസ്റ്റഡിൽ ചോദ്യംചെയ്യേണ്ടിവരും.
മേയറുടെ ഓഫിസ്, കമ്പ്യൂട്ടറുകൾ, കത്ത് പ്രചരിപ്പിച്ച ഫോണുകൾ എന്നിവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കേണ്ടിയുംവരും. കത്ത് പുറത്തുപോയത് സി.പി.എം അംഗങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണെന്ന ആക്ഷേപം ശക്തമാണ്. കേസെടുത്ത് അന്വേഷണത്തിലേക്ക് പോയാൽ സി.പി.എമ്മിനെ തിരിഞ്ഞുകൊത്താൻ സാധ്യത ഏറെയാണ്.
മുഖ്യമന്ത്രിക്ക് മേയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എസ്.പിയുടെ മേൽനോട്ടത്തിലുള്ള സംഘത്തെയാണ് ഡി.ജി.പി അന്വേഷണചുമതല ഏൽപിച്ചത്. മേയർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയശേഷം ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് നൽകും. കേസെടുത്ത് അന്വേഷിക്കാനാണ് ശിപാർശയെങ്കിൽ സി.പി.എമ്മിനും നഗരസഭക്കും തിരിച്ചടിയാകാൻ സാധ്യതയുണ്ട്. സി.പി.എം ജില്ല കമ്മിറ്റിയും അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും കമീഷനെ നിയോഗിച്ചിട്ടില്ല. കത്ത് സംബന്ധിച്ച കൂടുതൽ ചർച്ചകൾ വേണ്ടെന്ന നിർദേശമാണ് കഴിഞ്ഞദിവസം ചേർന്ന ജില്ല നേതൃയോഗങ്ങളിൽ നൽകിയതെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.