നഗരസഭ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് ഓഡിറ്റ് റിപ്പോർട്ട്
text_fieldsകോഴിക്കോട് : തിരുവനന്തപുരം നഗരസഭ കരാറുകാർക്ക് ഉത്തരവുകൾ ലംഘിച്ചു അധികമായി നൽകിയ തുക തിരിച്ചുപിടിക്കണമെന്ന് ഓഡിറ്റ് റിപ്പോർട്ട്. പലപദ്ധതികളും നടപ്പാക്കുന്നതിൽ നഗരസഭയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന കരാറുകാർക്ക് സുവർണ കാലമായിരുന്നുലവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
ധനകാര്യ വകുപ്പിന്റെ 2019 മാർച്ചിലെ സർക്കുലർ പ്രകാരം നിലവിൽ ഉണ്ടായിരുന്ന ചെലവ് സൂചിക നിരക്കുകൾ ജി.എസ്.ടി ഉൾപ്പെട്ടതാണ്. അതിനാൽ ജി.എസ്.ടി ഒഴിവാക്കി പുതിയ ചെലവ് സൂചിക നിരക്കുകൾ തയാറാക്കണം എന്നാണ് നിർദ്ദേശം നൽകിയത്. ഈ നിർദേശം നഗരസഭ പാലിച്ചില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കരാറുകാർക്ക് നഗസഭ ഉദ്യോഗസ്ഥർ ജി.എസ്.ടി അധികമായി നൽകിയിരിക്കുന്നുവെന്നും പദ്ധതികളുടെ കണക്ക് പരിശോധനയിൽ വ്യക്തമായി.
കഴക്കൂട്ടം സോണൽ ഓഫീസിന് സമീപം 'നിവാസം' നിർമിക്കാൻ രണ്ടുകോടി രൂപ 2017-18 ലെ വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി. എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. പദ്ധതിക്ക് സാങ്കേതിക അനുമതി കോർപ്പറേഷൻ എൻജിനീയർ നൽകി. ടെൻഡർ ക്ഷണിച്ചതിൽ എസ്റ്റിമേറ്റ് തുകയിൽ 7.59 ശതമാനംകുറവ് കോട്ട് ചെയ്ത ബി. സാബു എന്ന കരാറുകാരന് 2018 ജൂലൈ 26ന് പദ്ധതി നടപ്പാക്കുന്നതിന് കരാർ നൽകി.
2021 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കി. സർക്കാർ ഉത്തരവ് പ്രകാരം കരാറുകാരനെ 12 ശതാമനം ജി.എസ്.ടി അധികാമായി നൽകേണ്ടതില്ല. എന്നാൽ അവസാന ബില്ല് നൽകിയപ്പോൾ 12 ശതമാനം ജി.എസ്.ടി കൂടി ഉൾപ്പെടുത്തി 21.19 ലക്ഷം രൂപ കരാറുകാരന് അധികമായി ഉദ്യോഗസ്ഥർ നൽകി. അനർഹമായി നൽകിയ ജി.എസ്.ടി തുക പലിശ സഹിതം ഈടാക്കണം എന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ ശുപാർശ.
ഇതുപോലെ കടകംപള്ളി സോണൽ ഓഫീസിന് സമീപം നിവാസ് നിർമിക്കാൻ 1.25 കോടി യുടെ പദ്ധതി തയാറാക്കി. അതും വനിതാ ഘടക പദ്ധതിയിലെ തുക ഉപയോഗിച്ചാണ് നടപ്പാക്കിയത്. പദ്ധതിക്ക് നഗരസഭ എഞ്ചിനീയർ സാങ്കേതിക അനുമതിയും നൽകി. ടി. ശശിധരനായിരുന്നു കരാറുകാരൻ. 2018 ജൂലൈ 17 ന് അദ്ദേഹത്തിന് കരാർ നൽകി. കരാറുകരാന് 12 ശതമാനം ജി.എസ്.ടി അധികമായി നൽകിയപ്പോൾ 12.06 ലക്ഷം രൂപ നഗരസഭക്ക് നഷ്ടമായി. ഈ കരാറുകാരന് നൽകിയ പലിശ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചുപിടിക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.
പാങ്ങോട് മത്സ്യ മാർക്കറ്റ് നിർമാണത്തിലും നഗരസഭക്ക് 21.4 ലക്ഷം രൂപ നഷ്ടമായിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ. 2019 മാർച്ചിനുശേഷം നൽകിയ ബില്ലുകളിൽ 12ശതമാനം ജിഎസ്ടി നൽകിയത് വഴി കരാറിന് കാരന് ഈ പദ്ധതിയിൽ അനർഹമായി ലഭിച്ചത് 3.97 ലക്ഷം രൂപയാണ്. നഗരസഭക്ക് ആകെ നഷ്ടമായ 21.40 ലക്ഷം രൂപ പലിശ സഹിതം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്നാണ് ഓഡിറ്റ് ശുപാർശ.
വെട്ട് റോഡ് നിർമാണത്തിലും 6.58 ലക്ഷം രൂപ കരാറുകാരനെ അധികമായി നൽകി. കരാറുകാരൻ നിർമാണം പൂർത്തിയാക്കി മൂന്ന് ബില്ലുകളും നൽകിയത് 2019 മാർച്ചിനു ശേഷമാണ്. ജി.എസ്.ടി നൽകേണ്ട ആവശ്യമില്ലെന്ന് വ്യക്തമായിട്ടും ഉദ്യോഗസ്ഥർ ഈ ബില്ലുകളിൽ 12 ശതമാനം ജി.എസ്.ടി നൽകി. ഇതുവഴി നഗരസഭക്ക് 6.55 ലക്ഷം രൂപ നഷ്ടമുണ്ടായിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ. ഈ തുകയും കരാറുകാരൻ തിരിച്ചുപിടിക്കണം എന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ ശുപാർശ. തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ നിലനിൽക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.