തിരുവനന്തപുരം നഗരസഭ കാഞ്ഞിരംപാറ വാതക ശ്മശാനത്തിന് പാഴാക്കിയത് 17.88 ലക്ഷമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: തിരുവനന്തപുരം നഗരസഭ കാഞ്ഞിരംപാറ വാതക ശ്ലമശാനത്തിന് പാഴാക്കിയത് 17.88 ലക്ഷമെന്ന് ഓഡിറ്റ് റിപ്പോർട്ട്. കാഞ്ഞിരംപാറ വാർഡിലെ വി.കെ.പി നഗർ പട്ടികജാതി കോളനിയിൽ ശ്മശാന കെട്ടിട നവീകരണത്തിനായി 2020-21 ലാണ് പദ്ധതി രൂപവത്കരിച്ചത്. അടങ്കൽ തുക 20 ലക്ഷം രൂപയായിരുന്നു.
കെട്ടിടത്തിന്റെ ഷീറ്റ് മേൽക്കൂര മാറ്റി കോൺക്രീറ്റ് ആക്കാനും തറയിൽ കുഴിയിൽ മൃതദേഹം ദഹിപ്പിക്കുന്ന രീതിയും തറ നിർമ്മാണം മാറ്റി മൃതദേഹം വെക്കുന്നതിന് പൊക്കി പ്ലാറ്റ്ഫോം നിർമിക്കാനുമായിരുന്നു പദ്ധതി. അതേ വർഷം മറ്റൊരു പദ്ധതിയിൽ കാഞ്ഞിരംപാറയിൽ വാതക ശ്മശാനം സ്ഥാപിക്കുന്നതിന് 43 ലക്ഷം രൂപ വൈദ്യുതികരണ പ്രവർത്തികൾക്കായി വകയിരുത്തി. 17.88 ലക്ഷം രൂപക്ക് കോൺക്രീറ്റ് മേൽക്കൂര മാത്രം നിർമിച്ച് കെട്ടിട നവീകരണ പദ്ധതി അവസാനിപ്പിച്ചു. 31/01/2022 ജനുവരി 31ന് കരാറുകാരന് ഫൈനൽ ബിൽ തുകയും നൽകിയെന്നാണ് ഫയലിൽ രേഖപ്പെടുത്തിയത്.
ഓഡിറ്റ് സംഘം സ്ഥല പരിശോധന നടത്തിയപ്പോൾ പുതിയ ശ്മശാനത്തിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത് കോളനിയിലെ വീടുകൾക്ക് വളരെ സമീപമായാണ്. ഈ കെട്ടിടത്തിന് കുറച്ചു മുകളിലായി മറ്റൊരു കോൺക്രീറ്റ് ശ്മശാന കെട്ടിടമുണ്ട്. അവിടെ വളരെ മുമ്പ് കോളനി നിവാസികൾ വിറക് ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ മൃതദേഹം ദഹിപ്പിച്ചിരുന്നു. നിലവിൽ ശാന്തികവാടത്തിലാണ് കോളനിയിൽ നിന്ന് ദഹനത്തിനായി മൃതദേഹം കൊണ്ടുപോകുന്നതെന്ന് തദ്ദേശവാസികൾ ഓഡിറ്റ് വിഭാഗത്തെ അറിയിച്ചു.
ശുചിത്വ മിഷൻ കാഞ്ഞിരംപാറയിൽ ശ്മശാനത്തിന് 2017-18 ൽ സാങ്കേതിക അനുമതി നൽകിയപ്പോൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.സി.ബി) അനുമതി നേടിയിട്ട് മാത്രം വാതക ശ്മശാനം നിർമിക്കണമെന്ന് നിർദേശം നൽകിയിരുന്നു. പി.സി.ബി അനുമതി നൽകിയതായി ഫയലിൽ രേഖയില്ല. കാഞ്ഞിരംപാറയിൽ നഗരസഭ വാതക ശ്മശാനം സ്ഥാപിച്ചതുമില്ല, പരമ്പരാഗത ദഹനത്തിനുള്ള ഒരുക്കവും പൂർത്തികരിച്ചില്ലെന്നാണ് പരിശോധയിൽ വ്യക്തമായത്.
കാഞ്ഞിരംപാറയിലെ വാതക ശ്മശാന നിർമാണം ഉപേക്ഷിച്ചുവെന്നാണ് 2022 മാർച്ച് 30ന് ഫയലിൽ രേഖപ്പെടുത്തിയത്. (ഫയൽ നം 1763/21, 1588/22). ശ്മശാന കെട്ടിടത്തിലേക്കുള്ള റോഡിന് വീതി കുറവാണ്. അവിടെ ധാരാളം വീടുകളുള്ളതിനാൽ കോളനിയിലെ കുട്ടികൾ റോഡിൽ കളിക്കുകയാണ്. അതിനാൽ കോളനി റോഡിലൂടെ പുറത്ത് നിന്ന് വാഹനങ്ങളിൽ മൃതദേഹം കൊണ്ടുവരുന്നതിനെ കോളനി നിവാസികൾ എതിർത്തു. അതിനാലാണ് വാതക ശ്മശാന നിർമാണം ഉപേക്ഷിച്ചതെന്നാണ് റവന്യൂ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.
വാതക ശ്മശാനം വിഭാവനം ചെയ്യുമ്പോൾ സ്ഥലത്തിന്റെ സ്ഥിതി നഗരസഭ ഉദ്യോഗസ്ഥർ തിരിച്ചിറിഞ്ഞില്ല. മുന്നൊരുക്കമില്ലാതെ പദ്ധതി നടപ്പിലാക്കിയത് വഴി 17.88 ലക്ഷം രൂപ പാഴായി. നഗസഭ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുടെ സ്മാരകമാണ് വാതക ശ്മശാന കെട്ടിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.