റെയിൽവേയുടെ മുദ്രയുള്ള വാഹനം, പരിചയപ്പെടുത്തുക ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിൽ; ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, തിരുവനന്തപുരം സ്വദേശി പിടിയിൽ
text_fieldsചെങ്ങന്നൂർ: റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന വ്യാജേന റെയിൽവേയുടെ മുദ്ര പതിപ്പിച്ച ബോർഡുള്ള വാഹനത്തിലെത്തി ടി.ടി.ആർ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ തിരുവനന്തപുരം കണിയാപുരം മാലിയവീട്ടിൽ എ.പി. ഇബ്രാഹിംകുട്ടിയെ (54) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. 2021ലാണ് കേസിനാസ്പദമായ സംഭവം. മകന് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മാന്നാർ സ്വദേശിയായ മോഹനകുമാറിന്റെ പക്കൽനിന്ന് 18 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.
പ്രതിയുമായി പരിചയപ്പെട്ട മോഹനകുമാർ തിരുവല്ലയിലെ ഹോട്ടലിൽവെച്ച് അഞ്ചുലക്ഷം രൂപ ആദ്യം നൽകി. പിന്നീട് 90 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിലെത്തിയാണ് ബാക്കി തുകയും തട്ടിയെടുത്തത്.
തുടർന്ന് ഫോണിൽ ബന്ധപ്പെടുമ്പോൾ പല അവധികൾ പറഞ്ഞതോടെ മോഹനകുമാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസെടുത്തതറിഞ്ഞ ഇയാൾ ജില്ല കോടതിയിലും ഹൈകോടതിയിലും മുൻകൂർജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് അറസ്റ്റിന് സ്റ്റേ വാങ്ങി കഴിയുകയായിരുന്ന പ്രതിയെ സ്റ്റേയുടെ കാലാവധി നീങ്ങിയതോടെ തിരുവനന്തപുരം ആക്കുളത്ത് വാടകക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ രജീഷ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ സി.എസ്. അഭിരാം, എ.എസ്.ഐ റിയാസ്, പ്രബേഷൻ എസ്.ഐ ജോബിൻ, സീനിയർ സി.പി.ഒ അജിത്ത്, സി.പി.ഒ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
റെയിൽവേയുടെ നിയമന ഉത്തരവ് ഉൾപ്പെടെയുള്ള വ്യാജരേഖകളും പ്രമുഖരായ രാഷ്ട്രീയ നേതാക്കളുമായുള്ള ഫോട്ടോകൾ കാണിച്ച് അവരുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് പ്രതി ആളുകളെ വലയിലാക്കിയിരുന്നതെന്നും ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ സമാന കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.