കോൺഗ്രസ് നേതൃത്വത്തിലായിരുന്ന മിൽമ തിരുവനന്തപുരം മേഖല യൂനിയൻ പിരിച്ചുവിട്ടു
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലായിരുന്ന മിൽമയുടെ തിരുവനന്തപുരം മേഖല യൂനിയൻ സർക്കാർ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേഷൻ ഭരണം ഏർപ്പെടുത്തി.ക്ഷീരസഹകരണങ്ങളുമായി ബന്ധപ്പെട്ട സഹകരണ നിയമത്തിൽ ഒാർഡിനൻസിലൂടെ ഭേദഗതി വരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ഇതോടെ സംസ്ഥാനത്ത് മൂന്ന് മിൽമ മേഖല യൂനിയനുകളിൽ കോൺഗ്രസ് ഭരണനിയന്ത്രണം എറണാകുളത്ത് മാത്രമായി ചുരുങ്ങി. രണ്ട് ടേം പൂർത്തിയാക്കുന്ന ചെയർമാനും മൂന്ന് ടേം പൂർത്തീകരിക്കുന്ന ഭരണസമിതി അംഗങ്ങളും സ്ഥാനങ്ങളിൽ തുടരുന്നത് നിയമവിരുദ്ധമാക്കിയാണ് സർക്കാർ ഒാർഡിനൻസ് പുറത്തിറക്കിയത്. ഇതനുസരിച്ച് തിരുവനന്തപുരം യൂനിയൻ ഭരണസമിതിയിലെ 14 അംഗങ്ങളിൽ എട്ടുപേരും അയോഗ്യരായി.
ഇതോടെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടൽ ഉത്തരവിറക്കിയത്. ഭരണ കാലാവധി അവസാനിക്കാൻ അഞ്ചു ദിവസം മാത്രം അവശേഷിക്കെയാണ് പിരിച്ചുവിടൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ക്ഷീരകർഷക സഹകരണസംഘങ്ങൾ ഉൾപ്പെട്ടതാണ് തിരുവനന്തപുരം മേഖല യൂനിയൻ.
പിരിച്ചുവിടൽ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ചെയർമാൻ കല്ലട രമേശ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ നിയമഭേദഗതി വരുത്തി പിരിച്ചുവിടുന്നത് ജനാധിപത്യ മര്യാദകൾക്ക് ചേർന്നതല്ല. സർക്കാർ നടപടിയോടെ ക്ഷീരകർഷക സഹകരണസംഘങ്ങളെ ദേശീയതലത്തിൽ നിയന്ത്രിക്കുന്ന നാഷനൽ കോഒാപറേറ്റിവ് െഡയറി ഫെഡറേഷൻ ഒാഫ് ഇന്ത്യ ഡയറക്ടർ ബോർഡിലെ കേരളത്തിലും ദക്ഷിണേന്ത്യയിലും നിന്നുള്ള ഏക അംഗമായ തിരുവനന്തപുരം യൂനിയൻ ചെയർമാൻ പുറത്തായി.
മേഖലാ യൂനിയനിൽ സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ കർഷക പ്രതിഷേധവും നിയമനടപടികളും സ്വീകരിക്കുമെന്ന് കല്ലട രമേശ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.