മുഷിഞ്ഞ വേഷത്തിൽ ഒഡിഷയിലെത്തി, മാവോവാദി സ്വാധീനമുള്ള വനത്തിൽ ദിവസങ്ങളോളം തങ്ങി; ലഹരിക്കടത്ത് തലവനെ വലയിലാക്കി ‘തിരുവനന്തപുരം സ്ക്വാഡ്’
text_fieldsതിരുവനന്തപുരം: അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനായ മലയാളിയെ വേഷംമാറി ഒഡിഷയിലെ ഒളിസങ്കേതത്തിലെത്തി സാഹസികമായി പിടികൂടി തിരുവനന്തപുരം റൂറൽ പൊലീസ്. ഒഡിഷയിലെ കൊരപുട് ജില്ലയിലെ ബാൽഡ ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞ അനീസ് എന്ന ജാഫറിനെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന്റെ നേതൃത്വത്തിലുള്ള ‘ഡാൻസാഫ്’ ടീമും വെള്ളറട പൊലീസും ചേർന്നാണ് അതിസാഹസിക ‘ഓപറേഷൻ’ നടത്തിയത്. റെയിൽവേ കരാർ തൊഴിലാളികളെന്ന വ്യാജേന മുഷിഞ്ഞ വേഷത്തിലെത്തിയ ‘തിരുവനന്തപുരം സ്ക്വാഡ്’ മാവോവാദി സാന്നിധ്യമുള്ള വനത്തിൽ ദിവസങ്ങളോളം ചെലവിട്ടാണ് പ്രതിയെ വലയിലാക്കിയത്. ഇക്കാര്യം കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
കല്ലറ തണ്ണിയം കുഴിവിള സ്വദേശിയായ അനീസ് വർഷങ്ങൾക്ക് മുമ്പ് ഒഡിഷയിൽ എത്തി സ്ഥിരതാമസമാക്കുകയായിരുന്നെന്നും മാവോവാദി സ്വാധീനമുള്ള വനമേഖലയിൽ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഡുകണക്കിന് എത്തിക്കുന്ന സംഘത്തിന്റെ തലവനായിരുന്നെന്നും പൊലീസ് പറഞ്ഞു. ബാൽഡ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ആയിരുന്നു പണമിടപാടുകൾ. പിടിക്കപ്പെടാതിരിക്കാൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാതെയും സ്വന്തമായി സിം കാർഡ് ഉപയോഗിക്കാതെയുമാണ് കഴിഞ്ഞത്.
കഴിഞ്ഞ മാർച്ചിൽ വെള്ളറട ആറാട്ടുകുഴിയിൽ വാഹന പരിശോധനക്കിടെ 47 കിലോ കഞ്ചാവുമായി അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണം ജാഫറിലേക്ക് എത്തിയത്. അഞ്ചു മാസമായി അന്വേഷണസംഘം ഇയാളുടെ പിന്നാലെ ആയിരുന്നു. രണ്ടുതവണ ഒഡിഷയിലെ ഗ്രാമത്തിൽ കേരള പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ ഇയാൾ മാവോവാദി സ്വാധീനമുള്ള വനമേഖലയിലേക്ക് ഉൾവലിയുകയായിരുന്നു. ഇത് മനസ്സിലാക്കിയ അന്വേഷണസംഘം റെയിൽവേ കരാർ തൊഴിലാളികളെന്ന വ്യാജേന ബാൽഡ ഗ്രാമത്തിൽ എത്തി. ബാൽഡ ഗുഹക്ക് സമീപം വനത്തിൽ ഒഡിഷ പൊലീസിനെ പോലും അറിയിക്കാതെ ദിവസങ്ങളോളം തങ്ങിയാണ് അതിസാഹസികമായി ഇയാളെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറൽ എസ്.പിയെ കൂടാതെ നർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ. പ്രദീപ്, നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ‘ഡാൻസാഫ്’ ടീമും വെള്ളറട എസ്.ഐ ആർ. റസൽ രാജ്, സി.പി.ഒ ആർ.എസ് ഷൈനു, ‘ഡാൻസാഫ്’ സബ് ഇൻസ്‌പെക്ടർ ആർ. ബിജുകുമാർ, അസി. സബ് ഇൻസ്‌പെക്ടർ ആർ. സതികുമാർ, എസ്.സി.പി.ഒ കെ.ആർ അനീഷ് എന്നിവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.