തിരുവനന്തപുരം ദുരന്തം: മാപ്പർഹിക്കാത്ത കുറ്റം -രാജീവ് ചന്ദ്രശേഖർ
text_fieldsതിരുവനന്തപുരം: ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജോയി എന്ന കരാർ ശുചീകരണ തൊഴിലാളിയുടെ ജീവനറ്റ ശരീരം ജീർണ്ണിച്ച നിലയിൽ അഴുക്ക് ചാലിൽ നിന്ന് മൂന്നാം ദിനം കണ്ടെടുത്തുവെന്നത് അതീവ ഖേദകരമാണെന്ന് ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ. ഒരു അപകടം നടന്നയുടൻ പഴിചാരുന്നതിനല്ല, രക്ഷാ പ്രവർത്തനങ്ങൾക്ക് വേണം പ്രഥമ പരിഗണനയെന്നത് കണക്കിലെടുത്താണ് ഇതുവരേയും കാത്തിരുന്നത്. പക്ഷേ തിരുവനന്തപുരം ജില്ലയിലെ സർവജനങ്ങളും നടുക്കത്തോടെ മാത്രമറിഞ്ഞ ഈ വാർത്തയോട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് മനസ്സാക്ഷിക്ക് നിരക്കുന്നതല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രക്ഷാദൗത്യമെന്ന് കൊട്ടിഘോഷിച്ച പ്രചാരണം മൂന്നാം നാൾ പരാജയപ്പെട്ട് നാവിക സേനയുടെ സഹായമഭ്യർത്ഥിക്കുകയായിരുന്നു. സംസ്ഥാന തലസ്ഥാനത്ത് നടന്ന ദൗർഭാഗ്യകരമായ ഈ സംഭവം കേരളസർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെ തുറന്ന് കാട്ടുന്നുവെന്ന് കൂടി ഇത്തരുണത്തിൽ നാം തിരിച്ചറിയേണ്ടതുണ്ട്. സമാനതകളില്ലാത്ത അപകടം തന്നെയാണ് ആമയിഞ്ചാൻ തോട്ടിൽ സംഭവിച്ചിരിക്കുന്നത്.
രാജ്യത്ത് സ്വച്ഛഭാരത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിജി കഴിഞ്ഞ 10-വർഷമായി മുന്നോട്ട് പോവുകയാണ്. എന്നാൽ മാലിന്യസംസ്കരണ-നിർമ്മാർജ്ജന രംഗത്ത് കേരളത്തിന്റെ പാപ്പരത്തമാണ് നമുക്ക് ഇപ്പോഴും കാണാൻ കഴിയുന്നത്.
ഒരിക്കൽ തുറന്നെതിർത്തിരുന്ന വിഴിഞ്ഞം തുറമുഖത്ത് ക്രയിൻ വരുന്നതും കപ്പലിൻ്റെ ട്രയൽറണ്ണുമെല്ലാം വൻ പരിപാടിയാക്കി ആഘോഷിച്ച ഇടതുപക്ഷവും, കേരളത്തിൽ വികസനം കൊണ്ടുവന്നത് തങ്ങളാണെന്ന് മേനി പറയുന്ന വലതുപക്ഷവും ഇതുവരെ തലസ്ഥാനത്ത് ഫലപ്രദമായി അഴുക്ക് ചാലുകൾ പോലും നിർമ്മിച്ചിട്ടില്ല. സാങ്കേതിക രംഗത്തും ഭരണനിർവ്വഹണത്തിലും ലോകം അതിവേഗം കുതിക്കുമ്പോൾ അപരിഷ്കൃതമായ രീതിയിൽ ആണ് നമ്മുടെ സംസ്ഥാനത്തിലെ ശുചീകരണമടക്കമുള്ള അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.
പിണറായി വിജയൻ സർക്കാരിന്റെ ഭരണകെടുകാര്യസ്ഥതയ്ക്ക് ബലിയാടാകേണ്ടി വരുന്നത് ഉപജീവനത്തിനായി ജോലിക്കിറങ്ങുന്ന പാവപ്പെട്ട ആളുകളാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിക്കുന്നു. തൊഴിലാളികളുടെ പാർട്ടിയെന്ന് അവകാശപ്പെടുന്നവർ തന്നെ കേരളം ഭരിക്കുമ്പോൾ ആണ് ഈ ദുരവസ്ഥയെന്നത് തികച്ചും പരിഹാസ്യമാണ്.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണവും കൈയ്യാളുന്ന സി.പി.എം ആമയിഞ്ചാനിലെ പരാജയം കൂടി ഏറ്റെടുക്കാനുള്ള രാഷ്ട്രീയധാർമ്മികത കാട്ടണം. സ്മാർട് സിറ്റിയുടെ പേരിൽ കോടിക്കണക്കിന് രൂപ ധൂർത്തടിച്ച് നഗരത്തിലെ മിക്ക റോഡുകളും വൻകുഴികളാക്കി തീർത്തതിന്റെ ദുരിതം ഈ മഴക്കാലത്ത് നഗരവാസികൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് നാട്ടുകാർക്ക് പൊതുശല്യ വകുപ്പായിട്ടുണ്ട്. നമ്മുടെ ഭരണസിരാകേന്ദ്രത്തിൽ ഇതാണ് അവസ്ഥയെങ്കിൽ സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിലെ കാര്യം പറയേണ്ടതില്ലല്ലോ. തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ദൗർഭാഗ്യകരമായ ഈ സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി അവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനുള്ള ആർജ്ജവം ഇനിയെങ്കിലും സർക്കാർ കാണിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.