രാവും പകലുമറിഞ്ഞില്ല, വിറങ്ങലിപ്പിന്റെ മണിക്കൂറുകൾ
text_fieldsതിരുവനന്തപുരം: ‘‘പകലാണോ അതോ രാത്രിയാണോ എന്നറിയല്ല, സമയവും തിട്ടമില്ല, ചുറ്റും ഇരുട്ടും ഒപ്പം പേടിയും. നേരിയ വിടവിലൂടെ കിട്ടുന്ന നേരിയ കാറ്റ് മാത്രമാണ് ആശ്വാസം. മരിച്ചുപോയേക്കുമെന്ന് പോലും ഭയപ്പെട്ടുപോയ മണിക്കൂറുകൾ, ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്.’’ നിലവിളി പോലും പുറത്തുകേൾക്കാനാത്ത മെഡിക്കൽ കോളജിലെ ലോഹ ലിഫ്റ്റിനുള്ളിൽ രണ്ടു രാത്രിയും ഒരു പകലും കഴിച്ചു കൂട്ടിയതിനെക്കുറിച്ച് രവീന്ദ്രൻ പറഞ്ഞു തുടങ്ങിയപ്പോൾ വാക്കുകളിൽപോലും വിറങ്ങലിപ്പ്.
ചികിത്സക്കായി എത്തുന്നതിനിടെ ശനിയാഴ്ച ഉച്ചക്ക് 12 ഓടയാണ് തിരുമല സ്വദേശി രവീന്ദ്രൻ ലിഫ്റ്റിനുള്ളിൽ കുടുങ്ങുന്നത്. ‘‘ലിഫ്റ്റിനുള്ളിലെ ലൈറ്റിൽനിന്ന് ആദ്യം നേരിയ വെളിച്ചമുണ്ടായിരുന്നു. പിന്നീട് ലൈറ്റ് തുടരെ കത്തുകയും അണയുകയും ചെയ്യുന്നത് പോലെയായി. പിന്നാലെ പൂർണമായും വെളിച്ചം നിലച്ചു. ലിഫ്റ്റിന്റെ ഒരു ചുവരിനോട് ചേർന്ന് കിടക്കുമ്പോൾ വായു കിട്ടുമായിരുന്നു. അതുകൊണ്ടാണ് ജീവൻ പിടിച്ചു നിന്നത്. പുറത്ത് വാഹനം പോകുന്നതൊക്കെ ചെറുതായി കേൾക്കാം’’..രവീന്ദ്രൻ തുടർന്നു.
മൊബൈൽ ഫോൺ കൈയിൽനിന്ന് നിലത്ത് വീണ് തകർന്നതോടെ പ്രതീക്ഷകളെല്ലാം നശിച്ചു. ആരെയും വിളിക്കാനാകുന്നില്ല. ഫോൺ സ്വിച് ഓഫ് ആകുന്നതിന് തൊട്ട് മുമ്പ് സ്ക്രീനിൽ തെളിഞ്ഞ ‘15.30’ എന്ന സമയം മാത്രമാണ് ഓർമയുള്ളത്. പിന്നെ സമയവും മറന്നു. ഇടക്കിടക്ക് എണീറ്റ് അലാറം അടിക്കും. ആരുടെയെങ്കിലും കാൽപെരുമാറ്റമുണ്ടോ എന്ന് നോക്കും. നിരാശനായി വീണ്ടും പോയിക്കിടക്കും. 42 മണിക്കൂറിനിടയിൽ നൂറുവട്ടമെങ്കിലും ഇത്തരത്തിൽ അലാറം മുഴക്കിയിട്ടുണ്ടാകുമെന്ന് രവീന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ലിഫ്റ്റിൽ സ്റ്റീലിന്റെ മൂന്ന് കൈപിടിയുണ്ട്. ഏറ്റവും പിറകിലെ പിടി അൽപം താഴത്തായാണ്. നിലത്ത് ഇരുന്നാലും കിടന്നാലും അതിൽ പിടിക്കാം. ഇങ്ങനെ പിറകിലെ പിടി പിടിവള്ളിയാക്കിയാണ് കാര്യങ്ങൾ കൈവിടാതെ നേരം തള്ളി നീക്കിയത്. അങ്ങേയറ്റത്തെ വിശപ്പായിരുന്നു. ഒപ്പം ദാഹവും. പിന്നെ സഹിച്ചങ്ങ് കിടന്നു. മുമ്പ് എ.ഐ.വൈ.എഫ് സിറ്റി സെക്രട്ടറിയായിരുന്നു.
നീണ്ട നാൾ നിരാഹരമൊക്കെ കിടന്നിട്ടുണ്ട്. ആ അനുഭവ പരിചയമുണ്ടായത് വിശപ്പിനെ മറികടക്കാൻ തുണയായി. രണ്ടാം ശനിയും ഞായറുമായതിനാൽ ഈ രണ്ടു ദിവസങ്ങളും ആരും വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് രവീന്ദ്രൻ പറയുന്നു. മുഹർറത്തിന്റെ അവധിയിൽ തിങ്കളും ചൊവ്വയും പോകും. ബുധനാഴ്ച ആരെങ്കിലും വന്ന് തുറക്കുമെന്നായിരുന്നു പ്രതീക്ഷ. അല്ലെങ്കിൽ വ്യാഴാഴ്ച. തിങ്കളാഴ്ച ലിഫ്റ്റ് ഓപറേറ്റർ തുറന്നപ്പോഴാണ് തിങ്കളാഴ്ചയാണെന്ന് അറിയുന്നത്. താൻ കരുതിയത് വ്യാഴാഴ്ച ആയിരിക്കുമെന്നാണ്. എന്തായാലും ഇപ്പോൾ ആശ്വാസം. ജീവൻ തിരികെ കിട്ടിയല്ലോ.രവീന്ദ്രൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.