വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ വെച്ചാണെന്ന് അധിക്ഷേപിച്ച് തിരുവഞ്ചൂർ
text_fieldsതിരുവനന്തപുരം: ഡ്യൂട്ടിക്കിടെ കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ട വന്ദന ദാസിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്കാര ചടങ്ങിന് വന്ദനയുടെ വീട്ടിലെത്തിയപ്പോൾ വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ചാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.സി.സി സംഘടിപ്പിച്ച എസ്.പി ഓഫീസ് മാർച്ചിലായിരുന്നു തിരുവഞ്ചൂരിന്‍റെ അധിക്ഷേപം. മാർച്ചിനിടെ പ്രസംഗിച്ച കോട്ടയം ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്, ആരോഗ്യ മന്ത്രിയെ ‘നാണം കെട്ടവളേ’ എന്നും വിളിച്ച് അധിക്ഷേപിച്ചു.
‘ഇന്നലെ മോഹൻദാസിന്‍റെയും സഹധർമിണിയുടെയും അടുത്ത് നിൽക്കുമ്പോഴാണ് ഒരാൾ പമ്മി തൊഴുത് മാറി നിൽക്കുകയാണ്. നോക്കിയപ്പോൾ വീണാ ജോർജാണ്. അവർ കണ്ണിൽ കൈ എടുത്ത് വെച്ചപ്പോൾ ഗ്ലിസറിൻ വെച്ച് തന്നെയാണ് അവരുടെ കണ്ണുനീർ വന്നതെന്ന് എനിക്ക് ബോധ്യപ്പെട്ടു’ -തിരുവഞ്ചൂർ പറഞ്ഞു.
ഇന്നലെ രാവിലെ 8.30 ഓടെയാണ് മന്ത്രി വീണാ ജോർജ് വന്ദനയുടെ വീട്ടിലെത്തിയത്. വീടിനുമുന്നിലെ പന്തലില്‍ കിടത്തിയിരുന്ന വന്ദനയുടെ മൃതദേഹത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച വീണ ജോര്‍ജ്, തുടര്‍ന്ന് അകത്തുണ്ടായിരുന്ന വന്ദനയുടെ മാതാപിതാക്കള്‍ക്ക് സമീപമെത്തി അവരെ ആശ്വസിപ്പിച്ചു. ഇതിനിടെ പൊട്ടിക്കരഞ്ഞ അമ്മ വസന്തകുമാരിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മന്ത്രി വിതുമ്പുകയായിരുന്നു. അര മണിക്കൂറിന് ശേഷമാണ് മന്ത്രി മടങ്ങിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് ചികിത്സക്കെത്തിച്ചയാളുടെ കുത്തേറ്റാണ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ്. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ വന്ദന ഇവിടെ ഹൗസ് സർജനായി സേവനം ചെയ്യുകയായിരുന്നു.
വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അധ്യാപകനായ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ് (42) പൂജപ്പുര ജയിലിൽ റിമാൻഡിലാണ്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് കഴുത്തിലും മുതുകിലുമായി ആറ് കുത്തുകളാണ് വന്ദനക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.