കോട്ടയം എം.എൽ.എക്ക് ജയിച്ചാൽ പോര, ഭരണവും കിട്ടണം
text_fieldsകോട്ടയം: ജയിച്ചാൽ പോര, ഭരണം കിട്ടുകയും വേണം. എല്ലായിടത്തും അങ്ങനെ തന്നെയാണോ എന്നറിയില്ല. എന്നാൽ, കോട്ടയം മണ്ഡലത്തിെൻറ അവസ്ഥ അതാണ്. ജയിച്ചുവന്നിട്ടും ഭരണം കിട്ടിയില്ലെങ്കിൽ മണ്ഡലത്തിനായി ഒന്നുംചെയ്യാൻ കഴിയില്ല. പറയുന്നത് വേറെ ആരുമല്ല എം.എൽ.എ തന്നെയാണ്.
വികസനമാണ് കോട്ടയം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. മറുപക്ഷം അപ്പോൾ വികസന മുരടിപ്പും ചർച്ചയാക്കുമല്ലോ.
പത്തുവർഷം കൊണ്ട് താൻ ചെയ്ത വികസനപ്രവർത്തനങ്ങളാണ് സിറ്റിങ് എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നോട്ടുവെക്കുന്നത്. റോഡുകളും സ്കൂൾ കെട്ടിടങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തെൻറ കാലത്ത് ചെയ്തതല്ലാതെ ഒരു വികസനവും കോട്ടയത്ത് നടന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ഒരൊറ്റ ആകാശപ്പാത ചൂണ്ടിക്കാട്ടി ആ അവകാശവാദത്തിെൻറ മുനയൊടിക്കുന്നു ഇടതുപക്ഷം.
മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കോട്ടയം ഇപ്പോഴും വർഷങ്ങൾക്ക് പിന്നിലാണ്. കുടുസുറോഡുകളും ഗതാഗതക്കുരുക്കുമാണ് നഗരത്തിെൻറ ശാപം. ഫ്ലൈ ഒാവറുകളില്ല.
രണ്ട് ബൈപാസുകളുണ്ടെങ്കിലും ഫലമില്ല. ഈരയിൽകടവ് ബൈപാസിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ജനം കണ്ടതാണ്.
നഗരത്തിൽ വിനോദകേന്ദ്രങ്ങളോ വിശ്രമകേന്ദ്രങ്ങളോ ഇല്ല. ഏറ്റവും തിരക്കേറിയ ശീമാട്ടി റൗണ്ടാനയിൽ, മുനിസിപ്പൽ ഓഫിസിന് മുന്നിൽ കാൽനടയാത്രക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് ആകാശപ്പാത വിഭാവനം ചെയ്തത്. എന്നാൽ, ഒന്നും നടന്നില്ല. അസ്ഥികൂടം പോലെ എം.എൽ.എക്ക് തന്നെ നാണക്കേടായി നിൽക്കുന്നു ആ ഇരുമ്പുകൂട്.
സമൂഹ മാധ്യമങ്ങളിലടക്കം ട്രോളുകൾക്ക് ഇരയായി ആകാശപ്പാത. ആകാശപ്പാതയുടെ തൂണുകളിൽ ഊഞ്ഞാൽ െകട്ടിയാടിയും ആഘോഷിച്ചു ഒരു വിഭാഗം. കോടിമത പാലം, കച്ചേരിക്കടവ് ബോട്ടുജെട്ടി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് തുടങ്ങി എങ്ങുമെത്താത്ത പദ്ധതികൾ വേറെ. തന്നെ ഒന്നും ചെയ്യാൻ അനുവദിക്കുന്നില്ലെന്നും പണം നൽകുന്നില്ലെന്നും വികസനപ്രവൃത്തികൾക്ക് തടസ്സം നിൽക്കുന്നുവെന്നുമാണ് എം.എൽ.എ പറയുന്നത്.
യു.ഡി.എഫ് ഭരണകാലത്ത് ഏറ്റുമാനൂരിെൻറ അവസ്ഥ ഇതുതന്നെ ആയിരുന്നു എന്ന് സി.പി.എം തിരിച്ചടിക്കുന്നു. ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പ് എം.എൽ.എ ആയിരിക്കെ ഫണ്ടനുവദിക്കാതെ വികസന പ്രവൃത്തികൾ തടഞ്ഞെന്നാണ് ആരോപണം.
എന്തായാലും ഇരുകൂട്ടരുടെയും രാഷ്ട്രീയക്കളിയിൽ നഷ്ടം നാടിനാണ്. ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും വരണമെന്നല്ല, മറ്റവെൻറ ക്രെഡിറ്റിൽ അങ്ങനെയിപ്പോ നാട്ടുകാർക്ക് ഒന്നും കിട്ടണ്ട എന്നതാണ് നേതാക്കളുടെ മനോഭാവം.
ജനത്തിന് പ്രതികരിക്കാൻ കിട്ടുന്ന ഏക അവസരമാണ് സമ്മതിദാനാവകാശം. അതെങ്ങനെ വരുമെന്ന് തെരഞ്ഞെടുപ്പ് കഴിയുേമ്പാഴറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.