എ.ഡി.ജി.പി വഴിവെട്ടികൊടുത്തു, ആക്ഷൻ ഹീറോയെ പോലെ സുരേഷ് ഗോപിയെ തേരിൽ എഴുന്നള്ളിച്ചു; അടിയന്തര പ്രമേയ ചർച്ചയിൽ തിരുവഞ്ചൂർ
text_fieldsതിരുവനന്തപുരം: തൃശൂര്‍ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടല്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സി.പി.എം നേതാവും ലോക്സഭ സ്ഥാനാർഥിയുമായിരുന്ന വി.എസ് സുനിൽ കുമാറിന് കൊടുക്കാത്ത പ്രാധാന്യം എൻ.ഡി.എ സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് സർക്കാർ നൽകിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. ഇത് സുരേഷ് ഗോപിയെ വിജയിപ്പിക്കാനാണെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
പൂരം കലങ്ങിയപ്പോൾ മന്ത്രിമാരായ കെ. രാജനും ആർ. ബിന്ദുവിനും സംഭവ സ്ഥലത്തെത്താൻ സാധിച്ചില്ല. എന്നാൽ, തേരിൽ എഴുന്നള്ളിച്ച് കൊണ്ടുവരുന്നത് പോലെ എൻ.ഡി.എ സ്ഥാനാർഥിയെ അവിടെ എത്തിക്കുകയാണ് ചെയ്തത്. ആക്ഷൻ ഹീറോയായി കാണിച്ച്, രക്ഷകനാണ് സുരേഷ് ഗോപിയെന്ന് വരുത്താനുള്ള ശ്രമമാണ് നടത്തിയത്. പൂരം രക്ഷിക്കാൻ വന്ന ഹീറോ എന്ന നിലയിൽ സുരേഷ് ഗോപിക്ക് സ്ഥാനമുണ്ടാക്കി കൊടുത്തത് ഭരണപക്ഷമാണ്. അതു കൊണ്ടാണ് കോൺഗ്രസിന് വോട്ട് കുറഞ്ഞത്.
മന്ത്രിമാർക്കും എം.എൽ.എമാർക്കും കിട്ടാത്ത സൗകര്യം അവിടെ സുരേഷ് ഗോപിക്ക് ഒരുക്കി. സുരേഷ് ഗോപിക്ക് എ.ഡി.ജി.പി എം.ആർ അജിത് കുമാർ വഴിവെട്ടികൊടുത്തു. ജൂനിയറായ അങ്കിത് അശോകിനെ പൂരം നടത്തിപ്പ് ഏൽപ്പിച്ചതാരെന്ന് ചോദിച്ച തിരുവഞ്ചൂർ, ജനങ്ങളെ പൊലീസ് ശത്രുതയോടെ കണ്ടുവെന്നും പറഞ്ഞു.
സുരേഷ് ഗോപിയെ കൊണ്ടുവന്നത് പൂരം കലക്കാനാണ്. പൂരത്തിൽ ആക്ഷൻ ഹീറോയായി എൻ.ഡി.എ സ്ഥാനാർഥിയെ അവതരിപ്പിച്ചു. പൊലീസ് സഹായമില്ലാതെ എൻ.ഡി.എ സ്ഥാനാർഥിക്ക് ആംബുലൻസിൽ എത്താൻ കഴിയുമോ എന്നും തിരുവഞ്ചൂർ ചോദിച്ചു.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത് അഞ്ച് മാസം കഴിഞ്ഞാണ്. പൂരം കലങ്ങിയ സംഭവത്തിൽ സത്യം പുറത്തുവരണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇതിനായി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
നിയമസഭയിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ രണ്ടു മണിവരെയായിരിക്കും അടിയന്തര പ്രമേയത്തിൽ ചര്‍ച്ച നടക്കുക. പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
എന്നാൽ, പൂരം കലക്കലുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് നോട്ടീസിന് മറുപടി നല്‍കിയ മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. രാഷ്ട്രീയമായിട്ടുള്ള പുകമറ പൊതുമണ്ഡലത്തില്‍ നിലനിര്‍ത്തുക, തെറ്റായ പ്രചരണങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് സഭയെ ദുരുപയോഗം ചെയ്യുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും മന്ത്രി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.