പ്രളയബാധിത കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് നൽകണം -തിരുവഞ്ചൂർ
text_fieldsകോട്ടയം: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വീടുകളിലേക്ക് മടങ്ങി പോകാനാകാത്ത പ്രളയബാധിതരുടെ കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് നൽകണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഇവർക്ക് വീട് വാടകക്ക് എടുത്ത് നൽകണം. ഇത്തരക്കാരെ ബി.പി.എൽ ലിസ്റ്റിൽപെടുത്തി കൂടുതൽ ആനുകൂല്യങ്ങൾ നൽകണം. സൗജന്യ മെഡിക്കൽ ഇൻഷുറൻസും കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
പ്രളയത്തിൽപ്പെട്ടവരെ ഒന്നായി കാണാൻ സർക്കാർ തയാറാകണം. വേർതിരിവുകൾ പാടില്ല. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ചോദിക്കുമ്പോൾ തന്നെ ചിലവുകൾ നിയന്ത്രിക്കാൻ സർക്കാർ തയാറാകണം. സർക്കാറിന്‍റെ ചിലവ് വെട്ടിച്ചുരുക്കണം. വിദേശത്ത് കറങ്ങി നടക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
തമിഴ്നാട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 144 നിലനിർത്തിയപ്പോൾ ഒരു പ്രതിഷേധ കത്ത് പോലും നൽകാൻ സർക്കാർ തയാറായില്ല. 142ന് മുകളിലേക്ക് പോയപ്പോൾ ജാഗ്രത പുലർത്തേണ്ടതായിരുന്നു. മുഖ്യമന്ത്രി ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണം. ജാഗ്രത നിർദേശം നൽകാതെ ഡാമുകൾ തുറന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. ഈ സംഭവത്തിൽ സംശയത്തിന്‍റെ മറവെക്കാതെ സുതാര്യത ഉറപ്പ് വരുത്താൻ സർക്കാർ തയാറാകണം. ജുഡീഷ്യൽ അന്വേഷണം വേണ്ടെന്ന് സർക്കാർ പറയുന്നത് ചില കാര്യങ്ങൾ മറച്ചുവെക്കാനാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.