‘കളവ് കൈയോടെ പിടിച്ചപ്പോൾ മുമ്പും അഴിമതി നടന്നിട്ടുണ്ടെന്ന് പറയുന്നത് ന്യായമാണോ?’; എ.ഐ വിവാദത്തിൽ തിരുവഞ്ചൂർ
text_fieldsകോട്ടയം: എ.ഐ കാമറ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മന്ത്രി പി. രാജീവിന്റെ പ്രസ്താവനക്ക് മറുപടിയായി വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തു വർഷം മുമ്പ് കാമറ വാങ്ങിയതിൽ അഴിമതി ഉണ്ടെങ്കിൽ അതേപ്പറ്റിയും അന്വേഷിക്കട്ടേ. കീഴുദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചാൽ സത്യം പുറത്തുവരില്ല. കാമറ വിവാദത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടതെന്നും സമഗ്ര അന്വേഷണം നടത്തി വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസിനായി 2013ൽ കാമറ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന സി ആൻഡ് എ.ജിയുടെ കണ്ടെത്തലിൽ വിശദ അന്വേഷണത്തിന് നിയോഗിച്ച ജസ്റ്റിസ് സി.എം. രാമചന്ദ്രന്‍, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവരുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പക്കലുണ്ടെന്നും ഇത് പുറത്തുവിടണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
പൊതുമേഖല സ്ഥാപനങ്ങളെ മുന്‍നിര്‍ത്തിയുള്ള കച്ചവടം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ കാമറ സ്ഥാപിച്ച് നീതിക്ക് നിരക്കാത്ത നടപടി വഴി പിഴ അടപ്പിക്കുന്ന പ്രാകൃതനടപടികള്‍ പിന്‍വലിക്കണം. സ്‌കൂട്ടറില്‍ കുട്ടികളെ കൊണ്ടു പോകുമ്പോള്‍ പിഴ ചുമത്തുന്നത് പരിഷ്‌കൃത ലോകത്തിന് ചിന്തിക്കാന്‍ സാധിക്കാത്ത നടപടികളാണ്. കളവ് കൈയോടെ പിടിച്ചപ്പോൾ മുമ്പും അഴിമതി നടന്നിട്ടുണ്ടെന്ന് പറയുന്നത് ന്യായമാണോ എന്നും ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.