വോട്ടെടുപ്പ് വൈകിപ്പിച്ചത് ബോധപൂർവം; നിയമപരമായി നേരിടുമെന്ന് തിരുവഞ്ചൂർ
text_fieldsകോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകാൻ ഇടയായ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. വോട്ടെടുപ്പ് വൈകിപ്പിച്ചത് ബോധപൂർവമാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.
തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്‍റെ ഇടപെടൽ എല്ലാവർക്കും മനസിലായി. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് കാര്യങ്ങൾക്കായി ഭരണകക്ഷി യൂണിയന്‍റെ ആളുകളെ നിയമിച്ചു. വോട്ട് ചെയ്യാതെ മടങ്ങിപ്പോകാൻ കാരണമുണ്ടാക്കിയെന്നും നിയമപരമായി നേരിടുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
ചില ബൂത്തുകളിൽ മാത്രം അസാധാരണമായ താമസമാണ് ഉണ്ടായത്. ഇടതുപക്ഷത്തിന്‍റെ ഇത്തരം നീക്കങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. പുതുപ്പള്ളിയിലെ ജനങ്ങൾ നേരത്തെ തന്നെ വിധി നിർണയിച്ചതാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
പുതുപ്പള്ളി മണ്ഡലത്തിലെ ചില ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വോട്ടെടുപ്പ് നടപടിക്രമങ്ങൾ സാവധാനമായിരുന്നെന്ന ആക്ഷേപവും ശക്തമാണ്. വിവരമറിഞ്ഞ് പോളിങ് ബൂത്തിലെത്തിയ തന്നെ തടഞ്ഞെന്ന ആക്ഷേപവും യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്നലെ ഉന്നയിച്ചിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിര്യാണത്തെ തുടർന്ന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 72.91 ശതമാനമായിരുന്നു പോളിങ്. 2021ൽ 74.84 ശതമാനമായിരുന്നു പോളിങ്. ആവേശ പ്രചാരണം നടന്നിട്ടും രണ്ട് ശതമാനത്തോളം പോളിങ് കുറഞ്ഞത് മുന്നണികൾക്ക് ആശങ്കയായി. ആകെ 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട് ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.