താൻ ഗ്രൂപ്പ് മാറിയോ എന്ന് ആന്‍റണിയോ ഉമ്മൻചാണ്ടിയോ പറയട്ടെ -തിരുവഞ്ചൂർ
text_fieldsതിരുവനന്തപുരം: കോൺഗ്രസിലെ ഉമ്മൻചാണ്ടി പക്ഷത്ത് നിന്ന് മാറിയെന്ന ആരോപണത്തിന് മറുപടിയുമായി മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. എ.കെ. ആന്‍റണിക്കും ഉമ്മൻചാണ്ടിക്കും തന്നെ നന്നായിട്ട് അറിയാമെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു.
ഇരു നേതാക്കളുമായി പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. ഈ ബന്ധത്തെ കുറിച്ച് ഏതെങ്കിലും പുത്തൻകൂറ്റുകാർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവർ പിന്നാമ്പുറം അറിയാത്ത പാവങ്ങളാണ്. അവരോട് അനുകമ്പ മാത്രമാണുള്ളത്. അന്നന്നത്തെ കാര്യത്തിന് വേണ്ടി അവർ എന്തെങ്കിലും പറയുകയാണ്.
അതിൽ ഗൗരവമായി ഒന്നും കാണുന്നില്ല. ഉമ്മൻചാണ്ടിയുടെയും ആന്‍റണിയുടെയും അനുയായി ആയിട്ടാണ് താൻ വന്നത്. താൻ ഗ്രൂപ്പ് മാറിയോ എന്ന് എ.കെ. ആന്‍റണിയും ഉമ്മൻചാണ്ടിയും പറയട്ടെ എന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടിക സംബന്ധിച്ച് തന്നോട് ഒരു തവണ പോലും ചർച്ച ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. ഒരു ലിസ്റ്റിന്‍റെ പേരിലല്ല തന്‍റെ നിലപാട്. ജീവരക്തം നൽകി കൊണ്ടു വന്ന നിലപാടാണെന്നും അത് ആന്‍റണിയും ഉമ്മൻചാണ്ടിയും വ്യക്തമാക്കുമെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
ഡി.സി.സി പുനഃസംഘടന സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് എടുത്ത തീരുമാനം പരസ്യ പ്രതികരണമില്ലാതെ തീർക്കാൻ സാധിക്കുമായിരുന്നു. പാർട്ടിയിൽ തർക്കങ്ങൾ സ്വാഭാവികമാണ്. ഈ തർക്കങ്ങൾ വലിയ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു പോകാതെ സംസാരിച്ച് പരിഹരിക്കാമായിരുന്നു. മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ മാനിച്ചെന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞതെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.