തിരുവാർപ്പ് പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് തുറന്നുകൊടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സഭാ തർക്കത്തെത്തുടർന്ന് അടച്ചിട്ടിരിക്കുന്ന കോട്ടയം തിരുവാർപ്പ് സെൻറ് മർത്തശ്മുനി പള്ളി ആറാഴ്ചക്കകം ഒാർത്തഡോക്സ് വിഭാഗത്തിന് തുറന്നുകൊടുക്കണമെന്ന് ഹൈകോടതി. ആരാധനക്ക് പള്ളി തുറന്നു കിട്ടണമെന്നാവശ്യപ്പെട്ട് ഒാർത്തഡോക്സ് വികാരി എ.വി. വർഗീസ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ ഉത്തരവ്.
പള്ളി വിട്ടുനൽകണമെന്ന് 2019ൽ കോട്ടയം മുൻസിഫ് കോടതി ഉത്തരവിട്ടിട്ടും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഇക്കാര്യത്തിൽ ജില്ല ഭരണകൂടത്തിെൻറയും എസ്.പിയുടെയും നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.
ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്നതിനാലാണ് ഉടനടി മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കാത്തതെന്നായിരുന്നു ജില്ല ഭരണകൂടത്തിെൻറയും പൊലീസിെൻറയും വിശദീകരണം. എന്നാൽ, ജില്ല ഭരണകൂടത്തിനും പൊലീസിനും എങ്ങനെയാണ് ഇൗ നിലപാട് സ്വീകരിക്കാനാവുകയെന്ന് കോടതി ചോദിച്ചു.
കോടതി ഉത്തരവ് നൽകിയാൽ അത് നടപ്പാക്കാൻ അധികൃതർക്ക് ബാധ്യതയുണ്ട്. നിയമവാഴ്ച നിലവിലുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. എതിർപ്പുള്ളവരെ പള്ളിക്ക് മുന്നിൽ സമരം തുടരാൻ അനുവദിക്കുകയും ഉത്തരവ് നടപ്പാക്കുന്നത് തടയുകയുമല്ല വേണ്ടത്. നിയമപരമായ നടപടി സ്വീകരിക്കണം.
ഇത്തരത്തിെല പ്രതികരണം പരിഷ്കൃതസമൂഹത്തിന് ചേർന്നതല്ല. കോടതിയുത്തരവ് നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് നീതി നടത്തിപ്പിലെ വീഴ്ചയാണ്. പള്ളിയും പരിസരവും ഹൈകോടതി ഉത്തരവ് പ്രകാരം കലക്ടർ ഏറ്റെടുത്തിട്ടും മുൻസിഫ് കോടതിയുടെ വിധി നടപ്പാക്കാൻ സമയം തേടുകയാണ്. കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് കോൾഡ് സ്റ്റോറേജിൽ വെക്കാനല്ല. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കോടതിക്ക് മൂകസാക്ഷിയായി ഇരിക്കാനാവില്ലെന്നും സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഇതോടെ ഉത്തരവ് നടപ്പാക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് അഡീഷനൽ അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.
ആറാഴ്ചക്കകം പള്ളി തുറന്നുകൊടുക്കാൻ കോടതി നിർദേശിച്ചു. ഹരജിക്കാരെൻറ നേതൃത്വത്തിൽ ആരാധന നടത്താൻ മതിയായ സംരക്ഷണം നൽകണം. ഡി.ജി.പി ഇതിന് മേൽനോട്ടം വഹിക്കണം. ഇടവകക്കാർക്ക് തടസ്സമില്ലാതെ ആരാധനയിൽ പങ്കെടുക്കാൻ കഴിയണം. തടയുന്നവർക്കെതിരെയും ഗൂഢാലോചന നടത്തുവർക്കെതിരെയും കേസെടുക്കണം.
പ്രശ്നങ്ങളുണ്ടായാൽ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തണം. ഇത്തരം കേസുകൾ അന്വേഷിക്കാൻ ഡി.ജി.പിയും എസ്.പിയും ചേർന്ന് പ്രത്യേക സംഘത്തെ നിയോഗിക്കണം. പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ഇൗ വിധിയുടെ പകർപ്പും ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.