ഓണവിഭവങ്ങളുമായി തിരുവോണത്തോണി എത്തി
text_fieldsആറന്മുള: തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി പുറപ്പെട്ട തിരുവോണത്തോണി ആറന്മുള മധുക്കടവിലെത്തി. പുലര്‍ച്ചെ അഞ്ചോടെ മധുക്കടവിലെത്തിയ തോണിയെ ദേവസ്വം ഉദ്യോഗസ്ഥരും പള്ളിയോട സേവസംഘവും ക്ഷേത്ര ഉപദേശക സമിതിയും ചേര്‍ന്ന് സ്വീകരിച്ചു. കാട്ടൂരില്‍നിന്ന് കൊണ്ടുവന്ന ഓണവിഭവങ്ങള്‍ ക്ഷേത്ര ഭാരവാഹികളേറ്റു വാങ്ങി. ഉച്ചപൂജക്ക് ശേഷം ഓണസദ്യയുണ്ണുന്ന മങ്ങാട്ട് ഭട്ടതിരി ചെലവ് കഴിച്ചുള്ള പണം കാണിക്കയായി ഭഗവാന് സമര്‍പ്പിച്ച ശേഷം കുമാരനല്ലൂരിലെ മങ്ങാട്ട് മഠത്തിലേക്ക് യാത്രയാകും. ഞായറാഴ്ച വൈകീട്ട് ദീപാരാധനക്കു ശേഷമാണ് ഉത്രാടസന്ധ്യയില്‍ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്നിന്നാണ് തിരുവോണത്തോണി യാത്ര ആരംഭിച്ചത്.
കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തു നിന്നുമെത്തിയ ഭട്ടതിരിയെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവിൽ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും തിരുവാറന്മുളയപ്പന് ഓണസദ്യക്ക് വിഭവങ്ങളൊരുക്കുന്ന നായര്‍ കുടംബാംഗങ്ങളും ചേര്‍ന്ന് ആചാരപൂർവം സ്വീകരിച്ചു.
കാട്ടൂര്‍ ക്ഷേത്രത്തില്‍ വൈകുന്നേരം ദീപാരാധന തൊഴുത ശേഷം കാട്ടൂര്‍ ദേശത്തെ അവകാശികളായ നായര്‍ കുടുംബാംഗങ്ങള്‍ ആറന്മുളയപ്പന് തിരുവോണസദ്യക്കുള്ള വിഭവങ്ങളുമായി തോണിയേറി.
ക്ഷേത്ര ശ്രീകോവിലില്‍നിന്ന് മേല്‍ശാന്തി ആറന്മുള കെടാവിളക്കിലേക്ക് പകരാനുള്ള ഭദ്ര ദീപം കൈമാറി.
ആറന്മുള ക്ഷേത്രത്തില്‍ ഈ ഭദ്രദീപമാണ് അടുത്ത ഒരുവര്‍ഷം തിരുവോണംവരെ കെടാവിളക്കില്‍ തെളിയുന്നത്. കാട്ടൂര്‍, ചെറുകോല്‍, കോറ്റാത്തൂര്‍, അയിരൂര്‍ പള്ളിയോടങ്ങള്‍ തോണിക്ക് അകമ്പടിയായെത്തി. അയിരൂര്‍ മഠത്തിൽ തോണിക്ക് ആദ്യ വരവേൽപ് ലഭിച്ചു.
മഠത്തിലെ ദീപാരാധനക്കുശേഷം പുറപ്പെട്ട തോണി മേലുകര വെച്ചൂര്‍ മനയിൽ വിശ്രമിച്ചു. പുലർച്ചെ അവിടെ നിന്ന് പുറപ്പെട്ട തോണിക്ക് ഇടനാട്ടുകാവ്, തേവരക്കുന്ന് ക്ഷേത്രക്കടവുകളിലും പമ്പയുടെ ഇരുകരയിലും വരവേല്പ് നല്കി.
പമ്പയുടെ ഇരുകരയിലും തോണിയെ വരവേല്‍ക്കുന്നതിന് ഭക്തർ ദീപക്കാഴ്ചകള്‍ ഒരുക്കി. തോണിയെ കാട്ടൂരില്‍നിന്ന് യാത്രയാക്കുന്നതിന് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്, രാജു എബ്രഹാം എം.എല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡൻറ് ജോർജ് മാമ്മന്‍ കൊണ്ടൂര്‍, മുന്‍ എം.എൽ.എമാരായ എ. പദ്മകുമാര്‍, മാലേത്ത് സരളാദേവി, അയ്യപ്പസേവ സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. രാജഗോപാല്‍, ദേവസ്വം അസി. കമീഷണര്‍ എസ്. അജിത് കുമാര്‍, ചെറുകോല്‍ പഞ്ചായത്ത് പ്രസിഡൻറ് പി.ജി. ഉഷാകുമാരി എന്നിവരും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.