ഈ ഓട്ടോ ഡ്രൈവർ സത്യസന്ധതക്ക് മാതൃക
text_fieldsപാനൂർ: ഒന്നരപവന്റെ സ്വർണപാദസരം നഷ്ടപ്പെട്ട വിവരം കോളജ് വിദ്യാർഥിനിയറിയുന്നത് ഓട്ടോ ഡ്രൈവർ തിരിച്ചുനൽകാനെത്തിയപ്പോൾ. കല്ലിക്കണ്ടി എന്‍.എ.എം കോളജിലെ എം.കോം വിദ്യാർഥിനിയുടെ ഒന്നരപവൻ പാദസരമാണ് വ്യാഴാഴ്ച രാവിലെ കോളജിലേക്കുള്ള യാത്രാമധ്യേ കല്ലിക്കണ്ടി ടൗണില്‍ നഷ്ടപ്പെട്ടത്. പാദസരം കല്ലിക്കണ്ടിയിലെ ഓട്ടോഡ്രൈവർ സഖീഷിന് ലഭിക്കുകയും കോളജധികാരികളെ ബന്ധപ്പെടുകയുമായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് കല്ലിക്കണ്ടി ജീപ്പ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പാദസരം ഓട്ടോ ഡ്രൈവര്‍ കെ.കെ സഗീഷിന് ലഭിച്ചത്. കോളജ് വിദ്യാർഥിയുടേതാവാം എന്ന സംശയത്തിൽ സഗീഷും സഹപ്രവര്‍ത്തരും കല്ലിക്കണ്ടി എന്‍.എ.എം കോളജ് സെക്രട്ടറി സമീര്‍ പറമ്പത്തിനെ ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് കോളജില്‍ ഇക്കാര്യം അനൗണ്‍സ് ചെയ്തതോടെയാണ് എം.കോം വിദ്യാർഥിനിയുടേതാണ് പാദസരം എന്ന് വ്യക്തമായത്. കോളജിലെത്തി സഖീഷും സഹപ്രവർത്തകരും പ്രിൻസിപ്പൽ ടി. മജീഷിനെ പാദസരം ഏൽപ്പിച്ചു. ഈ സമയം ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്ലാസ് ഉദ്ഘാടനം ചെയ്യാനായി കോളജിലെത്തിയ അസി. കലക്ടർ അനൂപ് ഗാർഗ് സഖീഷിനെയും സഹപ്രവർത്തകരെയും അനുമോദിച്ചു. കോളജ് കമ്മിറ്റി പ്രസിഡന്റ് അടിയോട്ടിൽ അഹമ്മദ്, ജന. സെക്രട്ടറി പി.പി.എ. ഹമീദ്, സെക്രട്ടറി സമിർ പറമ്പത്ത് എന്നിവരും അനുമോദിച്ചു. ശബരിമല യാത്രക്കായി വ്രതം നോറ്റിരിക്കുകയാണ് അയ്യപ്പഭക്തൻ കൂടിയായ സഖീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.