'ഈ മൃതദേഹം അനാഥനല്ല, എെൻറ അച്ഛൻ'; മോർച്ചറിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് രേവത്
text_fieldsതൃശൂർ: അച്ഛനെപ്പോലെ സ്നേഹിച്ച തമിഴ്നാട് സ്വദേശി എളങ്കോവൻ 13 ദിവസമായി മോർച്ചറിയിൽ അനാഥമൃതദേഹമായി കിടക്കുന്നത് കണ്ട് വരന്തരപ്പിള്ളി സ്വദേശി രേവതിെൻറ നെഞ്ച് പൊട്ടുകയാണ്. മൃതദേഹം കോർപറേഷന് വിട്ടുനൽകരുതെന്നും ഇത്രയും കാലം സംരക്ഷിച്ച തനിക്ക് വിട്ടുനൽകണമെന്നും കരഞ്ഞും കാലുപിടിച്ചും രേവത് കയറിയിറങ്ങാത്ത ഓഫിസില്ല.
''മരിക്കും മുമ്പ് അണ്ണെൻറ (എളങ്കോവെൻറ) ആഗ്രഹമായിരുന്നു ഞാൻ മരണാനന്തരച്ചടങ്ങുകൾ നടത്തണമെന്ന്. അനാഥനല്ല, അണ്ണന് ഞാനുണ്ടായിരുന്നു....'' കണ്ണീരോടെ രേവത് പറയുന്നു. ''പക്ഷേ നിയമം അതിനനുവദിക്കില്ലെന്ന് പറഞ്ഞ് എന്നെ എല്ലാ ദിവസവും തിരിച്ചയക്കുകയാണ് തൃശൂർ മെഡിക്കൽ കോളജ് അധികൃതർ''- രേവതിന് മുമ്പിൽ നിയമങ്ങൾ തടസ്സം നിൽക്കുേമ്പാൾ കേൾക്കുന്നവർ നിസ്സഹായരാകുകയാണ്.
രക്തബന്ധങ്ങൾക്കപ്പുറമാണ് ഓട്ടോ തൊഴിലാളിയായ രേവതും ഇരുകാലുകളും പോളിയോ ബാധിതനായി നിരങ്ങി നീങ്ങി ലോട്ടറി ടിക്കറ്റ് വിറ്റിരുന്ന തമിഴ്നാട് ആറണി സ്വദേശി എളങ്കോവനും തമ്മിലെ ബന്ധം. 10 വർഷം മുമ്പ് ലോട്ടറി ഏജൻസിയിൽനിന്ന് ലോട്ടറി വാങ്ങാനെത്തുേമ്പാൾ കണ്ട് പരിചയപ്പെട്ടതാണ് ഇരുവരും. പകലിലെ ജോലി കഴിഞ്ഞ് പോസ്റ്റ് ഓഫിസ് റോഡിലെ കടമുറി വരാന്തയിൽ രാത്രി കിടക്കാനൊരുങ്ങുേമ്പാൾ രേവത് ഭക്ഷണവുമായി എത്തും. പിന്നെ ഇരുവരും സംഭാഷണങ്ങളും ചിരികളികളും തുടങ്ങുകയായി.
അർബുദത്തെത്തുടർന്ന് ഭക്ഷണം കഴിക്കാനാകാതെ വന്നപ്പോൾ രേവത് വായിൽ ഭക്ഷണം നൽകി സഹായിച്ചു. എളേങ്കാവൻ മരിച്ചപ്പോൾ പൊലീസ് മുഖേന എളങ്കോവെൻറ മരണവാർത്ത ആറണിയിലെ സഹോദരിയെ അറിയിച്ചു. വരാനാകില്ലെന്നും മൃതദേഹം ഏറ്റെടുക്കാനാവില്ലെന്നും അവർ തൃശൂർ മെഡിക്കൽ കോളജ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. മൃതദേഹം വിട്ടുകിട്ടിയാൽ 'അണ്ണെൻറ' ആഗ്രഹപ്രകാരം സംസ്കാരകർമങ്ങൾ വടൂക്കര പൊതുശ്മശാനത്തിൽ നടത്തി, ചിതാഭസ്മം മന്ദാരക്കടവ് പുഴയിൽ നിമജ്ജനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് രേവത് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.