130ലും ജർമൻ സാങ്കേതികവിദ്യയുടെ പ്രൗഢിയിൽ ഈ ക്ലോക്ക്
text_fieldsനേമം: 130 വർഷം പിന്നിടുമ്പോഴും നിലയ്ക്കാതെ ഓടുന്നു ജർമൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ ക്ലോക്ക്. ഓരോ 15 മിനിറ്റിലും പെൻഡുലങ്ങൾ സ്പന്ദിക്കുന്നു. തിരുമല ടി.വി നഗർ ലക്ഷ്മിയിൽ റിട്ട. ഡിവൈ.എസ്.പി ബാബു രാജേന്ദ്രെൻറ വീട്ടിലാണ് പഴക്കംചെന്ന ഏഴരയടി പൊക്കമുള്ള ഈ ക്ലോക്കുള്ളത്. തേക്ക്, വീട്ടി തടികളിലാണ് പുറംചട്ട.
തിരുവനന്തപുരം പുളിമൂട്ടിൽ 1940 കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന പി.ആർ ബ്രദേഴ്സ് എന്ന വാച്ച് നിർമാണ കമ്പനിയാണ് ജർമനിയിൽനിന്ന് 1890ൽ നിർമിച്ച എട്ട് ക്ലോക്കുകൾ കപ്പൽമാർഗം തലസ്ഥാനത്തെത്തിച്ചത്. കവടിയാർ കൊട്ടാരത്തിലും ആകാശവാണിയിലുമടക്കം ഏഴെണ്ണം അവർ വിലയ്ക്ക് നൽകി. ശേഷിച്ച ഒരെണ്ണം തങ്ങളുടെ കടയിലും സ്ഥാപിച്ചു. ബാബു രാജേന്ദ്രെൻറ ഭാര്യാപിതാവ് തൊടുവെട്ടി ചെല്ലപ്പപ്പണിക്കർ ഒരിക്കൽ പി.ആർ ബ്രദേഴ്സിലിരിക്കുന്ന ഈ അപൂർവ ക്ലോക്ക് കാണാനിടയായി. ആദ്യ കാഴ്ചയിൽ ചെല്ലപ്പപ്പണിക്കർക്ക് ക്ലോക്ക് സ്വന്തമാക്കാൻ ആഗ്രഹമുണ്ടായി. പക്ഷേ, എത്ര വില നൽകാമെന്ന് പറഞ്ഞിട്ടും കടയുടമ വിൽക്കാൻ തയാറായില്ല. ഒടുവിൽ ചെല്ലപ്പപ്പണിക്കർ തെൻറ സുഹൃത്തും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി. കേശവനോട് തെൻറ ആഗ്രഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് പി.ആർ ബ്രദേഴ്സ് ഉടമയെ വിളിച്ച് ക്ലോക്ക് വിലയ്ക്ക് നൽകാമോ എന്ന് ആരാഞ്ഞു.
മുഖ്യമന്ത്രിയുടെ ആവശ്യം കടയുടമക്ക് അംഗീകരിക്കേണ്ടിവന്നു. അങ്ങനെ ഉടമ ആവശ്യപ്പെട്ട 5000 രൂപ നൽകി 1950ൽ ചെല്ലപ്പപ്പണിക്കർ അത് സ്വന്തമാക്കി. കൽക്കത്തയിൽനിന്നും മറ്റും പലരും ലക്ഷങ്ങൾ നൽകി ക്ലോക്ക് സ്വന്തമാക്കാൻ മോഹിച്ചെത്തിയെങ്കിലും വിൽക്കാൻ ചെല്ലപ്പപ്പണിക്കർ തയാറായില്ല. 1997ൽ ചെല്ലപ്പപ്പണിക്കരുടെ മരണശേഷം പാരമ്പര്യ സ്വത്തുക്കൾ പകുത്തപ്പോൾ മകൾ റാണിയുടെ കൈകളിലേക്ക് വന്നുചേർന്നു. വിലമതിക്കാനാകാത്ത ഈ അമൂല്യനിധി അതോടെ ബാബുരാജേന്ദ്രൻ - റാണി ദമ്പതികളുടെ സ്വീകരണമുറിക്ക് അലങ്കാരമായി മാറുകയായിരുന്നു. ചരിത്രത്തിെൻറ മുതൽക്കൂട്ടാകുന്ന ഈ അമൂല്യ വസ്തു കാണുന്നവർക്ക് ഇന്നും ഒരദ്ഭുതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.