അജിത് കുമാറിനെ തൊട്ടുകൊണ്ടുള്ള ഒരു തീരുമാനവും ഈ സർക്കാർ എടുക്കില്ല -പി.വി. അൻവർ
text_fieldsകട്ടപ്പന: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ തൊട്ടുകൊണ്ടുള്ള ഒരു തീരുമാനവും ഈ സർക്കാർ എടുക്കില്ലെന്ന് പി.വി. അൻവർ എം.എൽ.എ. കവടിയാറിലെ വീട് നിർമാണത്തിൽ അജിത് കുമാർ രജിസ്ട്രേഷൻ തട്ടിപ്പ് നടത്തിയതിൽ തന്റെ കൈവശമുള്ള തെളിവുകൾ വിജിലൻസിന് കൊടുത്തിരുന്നു. ഇനി കൊടുക്കാൻ കുറച്ചുകൂടി ബാക്കിയുണ്ട്. അത് കോടതിയിൽ കൊടുക്കും.
ചില തെളിവുകൾ മനപ്പൂർവം കൊടുക്കാതിരുന്നതാണ്. കാരണം, കൊടുക്കുന്നതൊക്കെ വിഴുങ്ങുകയാണ്. ജനങ്ങളെ പറ്റിച്ച് മുഖ്യമന്ത്രിയും അജിത്കുമാറും പി. ശശിയും ഏത് റിപ്പോർട്ട് ഉണ്ടാക്കിയാലും ഹൈകോടതിയെ സമീപിക്കും. അജിത്കുമാറിനെ സസ്പെൻഡ് ചെയ്യാൻ ഒറ്റരേഖ മതി. 33.80 ലക്ഷം രൂപക്ക് അദ്ദേഹം ഒരു ഫ്ലാറ്റ് വാങ്ങി. ഒരു രൂപ പോലും ആധാരത്തിൽ കാണിക്കാതെയാണ് പണം നൽകി ഫ്ലാറ്റ് വാങ്ങിയത്. പത്താം ദിവസം 110 ശതമാനം ലാഭത്തിൽ പണം വാങ്ങി 65 ലക്ഷത്തിന് അത് വിറ്റു. സർക്കാറിന്റെ നിലപാട് സത്യസന്ധമാണെങ്കിൽ ഒരു ജുഡീഷ്യൽ അന്വേഷണത്തിന് തയാറാകണമെന്ന് ആവശ്യപ്പെടുന്നത് അതിനാലാണ്.
ആർ.എസ്.എസിന്റെ പ്രചാരകനായി അജിത്കുമാർ നിലനിൽക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 25 മുതൽ 30 സീറ്റ് വരെ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടാകും. സഹകരണസംഘത്തെ മുഴുവൻ കോർപറേറ്റ്വത്കരിക്കുകയാണ് സി.പി.എം ചെയ്തിരിക്കുന്നത്. ചികിത്സക്ക് രണ്ടുലക്ഷം രൂപ ചോദിച്ച സാബുവിനെ അപമാനിച്ച്, അക്രമിച്ച് മരണത്തിലേക്ക് തള്ളിയിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപത്തുക തിരികെ നൽകാത്തതിനെത്തുടർന്ന് സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.