ഈ പച്ചമുള താങ്ങില്ല, നിയാസിന്റെ നൊമ്പരം
text_fieldsതിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പോൾ വോൾട്ടിൽ കൂടെ മത്സരിക്കാനിറങ്ങിയവർ ഫൈബർ പോളുമായി വളഞ്ഞുയരുമ്പോൾ മുഹമ്മദ് നിയാസ് കൈയിലെ പച്ചമുളയിൽ ഒന്നുകൂടി അമർത്തിപ്പിടിച്ചു. സങ്കടവും നിരാശയും നാണക്കേടുമെല്ലാം അമർത്തിവെച്ച മുഖവുമായി അവൻ ട്രാക്കിന് സമീപത്തിരുന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ടിൽ പച്ചമുളയുടെ ഭാരം താങ്ങാനാവാതെ 2.90 മീറ്ററിൽ മത്സരം അവസാനിപ്പിക്കേണ്ടി വന്നതാണ് മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ ഈ പ്ലസ് വൺകാരന്.
ജില്ല കായികമേളക്കിടയിൽ ഉപയോഗിച്ചിരുന്ന മുള ഒടിഞ്ഞതിനെ തുടർന്ന് എട്ട് ദിവസം മുമ്പാണ് പുതിയ മുള നിയാസ് വെട്ടിയെടുത്തത്. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്‍റിൽ സാഹസികമായാണ് ഇത് കൊണ്ടുവന്നത്. സംഘാടകരുടെ കൈയും കാലും പിടിച്ചാണ് പച്ച മുളയുമായി മത്സരിക്കാൻ അനുമതി നേടിയെടുത്തത്. എന്നാൽ ഇതിന്റെ ഭാരം താങ്ങാനാവാതെ പാതിദൂരത്തിൽ താനൂർ ചീരാൻ കടപ്പുറത്തെ ഈ മിടുക്കന് ട്രാക്കൊഴിയേണ്ടിവന്നു.
മത്സ്യത്തൊഴിലാളിയായ ഇസ്മായിലിെൻറയും നസീമയുടെയും മൂന്നുമക്കളിൽ ഇളയവനാണ് നിയാസ്. ഒരു പോളിന് 70,000 രൂപമുതൽ ഒരു ലക്ഷം വരെയാകുമെന്നതിനാൽ ശീമക്കൊന്നയുടെ കമ്പിലായിരുന്നു ആദ്യകാല പരിശീലനം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ കമ്പൊടിഞ്ഞ് ഗുരുതര പരിക്കേറ്റിട്ടും പോൾ വോൾട്ടിനെ കൈവിട്ടില്ല. പോൾ വാങ്ങണമെന്ന ആഗ്രഹവുമായി പിതാവിനൊപ്പം മത്സ്യബന്ധനത്തിനും നിയാസ് പോകാറുണ്ട്.
പക്ഷേ, കുടുംബത്തിെൻറ പ്രാരബ്ധങ്ങൾ കാരണം അതിനുവേണ്ടി മാറ്റിവെക്കാൻ പണം തികയാറില്ല. ഇന്നലെ മത്സരത്തിന് മുമ്പ് പരിശീലനത്തിനായി സഹമത്സരാർഥി നൽകിയ പോളിൽ 3.30 മീറ്റർ ചാടാൻ നിയാസിന് കഴിഞ്ഞിരുന്നു. ''നല്ലൊരു ഫൈബർ പോളും പരിശീലകനെയും ലഭിച്ചാൽ ഇനിയും മുന്നോട്ടുപോകാനാകുമെന്ന് വിശ്വാസമുണ്ട്'' - മുഹമ്മദ് നിയാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.