മറക്കില്ലൊരിക്കലും ഈ കൂട്ട്
text_fieldsമാധ്യമം കുടുംബവുമായി എക്കാലവും ഹൃദയബന്ധം സൂക്ഷിച്ച മനുഷ്യസ്നേഹിയായിരുന്നു മലയാളത്തിലെ മെഗാ ഹിറ്റുകളുടെ സംവിധായകനായ സിദ്ദീഖ്. വെള്ളിത്തിരയിൽ അദ്ദേഹം സൃഷ്ടിച്ച മനുഷ്യഗന്ധിയായ കഥകൾപോലെത്തന്നെ എന്നും മനോഹരമായിരുന്നു അദ്ദേഹം സ്റ്റേജിലൊരുക്കിയ വിസ്മയങ്ങളും. വിവിധ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലുമായി മാധ്യമം സംഘടിപ്പിച്ച സ്റ്റേജ് ഷോകൾക്കും, വൈവിധ്യമാർന്ന പരിപാടികൾക്കും ആശയവും ജീവനും പകർന്ന കലാപ്രതിഭയായാണ് സിദ്ദീഖിനെ ഓർക്കുന്നത്.
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച 2013ൽ മലയാള ഭാഷക്കും കേരളത്തിന്റെ പ്രതിഭകൾക്കുമുള്ള ആദരവായി ‘ഗൾഫ് മാധ്യമം’ ‘എന്റെ സ്വന്തം മലയാളം’ എന്നൊരു പരിപാടി ദുബൈയിൽ സംഘടിപ്പിക്കുന്നത് സംബന്ധിച്ച ആലോചനയുമായാണ് ആദ്യം സിദ്ദീഖിനരികിലെത്തുന്നത്. പ്രവാസ ലോകം ഇന്നേവരെ കണ്ടതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരിക്കണം ‘എന്റെ സ്വന്തം മലയാളം’ എന്നൊരു നിർബന്ധമുണ്ടായിരുന്നു. മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവൻ നായർ, കവയിത്രി സുഗതകുമാരി, ലോക സിനിമയിലേക്ക് മലയാളത്തെ ആനയിച്ച അടൂർ ഗോപാലകൃഷ്ണൻ, ഗന്ധർവഗായകൻ കെ.ജെ. യേശുദാസ്, അഭിനയ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ഗായിക കെ.എസ്. ചിത്ര, ജി. മാധവൻ നായർ, റസൂൽ പൂക്കുട്ടി തുടങ്ങി 15 യുഗപ്രതിഭകൾക്ക് നൽകുന്ന ആദരവ് എന്തുകൊണ്ടും വേറിട്ട ഒന്നായിരിക്കണമെന്ന ആഗ്രഹവുമായി ഞങ്ങൾ കയറിയെത്തിയ ഇടം തെറ്റിയില്ലെന്ന് 2013 ഡിസംബർ 13ന് ദുബൈ വേൾഡ് ട്രേഡ് സെന്റർ വേദി സാക്ഷ്യപ്പെടുത്തി.
‘എന്റെ സ്വന്തം മലയാളം’ പരിപാടിയുടെ ആശയം കൊച്ചിയിൽ നടന്ന കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചപ്പോൾ തന്നേക്കാൾ മികച്ച മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുന്നതല്ലേ നല്ലതെന്നായിരുന്നു ആദ്യ പ്രതികരണം. എന്നാൽ, സ്നേഹപൂർവമായ നിർബന്ധത്തിനൊടുവിൽ സിദ്ദീഖ് സമ്മതിച്ചു. പിന്നെ, യുഗപ്രതിഭകൾ ഒരേ വേദിയിൽ ഒന്നിക്കുന്ന അപൂർവ സംഗമത്തെ വേറിട്ടതാക്കാനായി അദ്ദേഹത്തിലെ സംവിധായകൻ ഉണർന്നു. പലതവണ കൂടിക്കാഴ്ചകൾ നടന്നു. നെടുമുടി വേണു ഉൾപ്പെടെയുള്ള അഭിനയ സാമ്രാട്ടുകളെ ഉൾകൊള്ളിച്ച സ്കിറ്റുകൾ, അവ വേദിയിലെത്തിക്കാനുള്ള പരിശീലനങ്ങൾ... അങ്ങനെ ഏതാനും മാസത്തെ തിരക്കിട്ട തയാറെടുപ്പിനൊടുവിൽ പ്രവാസലോകത്തിന്റെയും മലയാളികളുടെയും ചരിത്രത്തിലെ ഏറ്റവും മികച്ചൊരു വേദിയായി ‘എന്റെ സ്വന്തം മലയാളം’ മാറി.
പിന്നീട്, സിദ്ദീഖും മാധ്യമവും പല വേദികളിൽ ഒന്നിച്ചു. ആശയസമ്പന്നവും വ്യത്യസ്തയും കൊണ്ട് ഓരോ തവണയും അദ്ദേഹം വിസ്മയിപ്പിച്ചു. ദുബൈയിലെ വമ്പൻ വേദികളിൽ അരങ്ങേറിയ മധുരമെൻ മലയാളം, പ്രവാസോത്സവം തുടങ്ങിയ പതിനായിരങ്ങൾ സംഗമിച്ച വിരുന്നുകളിലൂടെ പ്രവാസികളുടെ ഹൃദയം കവരുന്ന ഒരുപിടി ഉത്സവങ്ങൾതന്നെ സിദ്ദീഖ് സമ്മാനിച്ചു. നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളെ കണ്ടെത്താനായി സംഘടിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന പുതുമയേറിയ പരിപാടിയുടെ ആശയവുമായി ഞങ്ങൾ സമീപിച്ചപ്പോഴും അതിന് ജീവനും വഴിയും തെളിച്ചതും അദ്ദേഹമായിരുന്നു. മലയാളത്തിലെ കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെ 51 പ്രതിഭകൾക്കായി അക്ഷര വീട് എന്ന വേറിട്ട ആശയവുമായി രംഗത്തെത്തിയപ്പോൾ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയുമായി ബന്ധപ്പെടുത്തുന്നതും അത് വിജയത്തിലെത്തിച്ചതും സിദ്ദീഖിന്റെ സഹായത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.