ഇത് പുതിയ തട്ടിപ്പ്; മകൻ പൊലീസ് കസ്റ്റഡിയിൽ, പണം നൽകിയാൽ രക്ഷിക്കാം
text_fieldsകോട്ടയം: ‘നിങ്ങളുടെ മകൻ ഒരു കേസിൽപെട്ടു. പത്രത്തിൽ പടവും വാർത്തയും വരും. ഒഴിവാക്കാൻ എന്തുചെയ്യാൻ പറ്റും’ എന്നുചോദിച്ച് നിങ്ങളെത്തേടി സന്ദേശമോ വിളിയോ വന്നാൽ തിരിച്ചറിയുക. അത് പുതിയ തരം തട്ടിപ്പാണ്. പരിഭ്രാന്തരായ നിങ്ങൾ അവർ ചോദിക്കുന്ന പണം നൽകുംമുമ്പ് സത്യാവസ്ഥ അറിയാൻ ശ്രമിക്കുക.
കഴിഞ്ഞ ദിവസം കോട്ടയം സ്വദേശിയായ മുൻപത്രപ്രവർത്തകനെയാണ് തട്ടിപ്പുസംഘം കബളിപ്പിക്കാൻ ശ്രമിച്ചത്. മയക്കുമരുന്ന് കേസിൽ മകൻ അസമിൽ പൊലീസിന്റെ പിടിയിലായെന്നും രക്ഷിക്കാൻ എന്തുചെയ്യാൻ പറ്റുമെന്നുമായിരുന്നു ചോദ്യം.
അസമിൽ പൊലീസ് പിടിയിലാണെന്നു പറഞ്ഞ മകൻ കൂടെ ഉണ്ടായിരുന്നതിനാൽ പിതാവ് തട്ടിപ്പിനിരയായില്ല. വയനാട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് ഫോണിൽ വാട്സ് അപ് വിളിവന്നത്.
ഡി.പിയിൽ പൊലീസ് വേഷത്തിലുള്ള ആളെയാണ് കണ്ടത്. ഉത്തരവാദപ്പെട്ട ആരോ ആണെന്നു കരുതി കാൾ എടുത്തു. അസമിലെ ഒരു സ്റ്റേഷനിലെ എസ്.എച്ച്.ഒ ആണെന്നാണ് പറഞ്ഞത്. ഹിന്ദിയിലായിരുന്നു സംസാരം. ‘നിങ്ങളുടെ മകൻ മയക്കുമരുന്ന് കേസിൽ ഞങ്ങളുടെ കൈയിലുണ്ട്. സി.ബി.ഐക്ക് റിപ്പോർട്ട് നൽകി. നാളത്തെ പത്രത്തിൽ മകന്റെ പടവും വാർത്തയും വരും. മകനെ രക്ഷിക്കാൻ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും’ എന്നായിരുന്നു ചോദ്യം.
മകൻ വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ധൈര്യത്തിൽ എന്താണെന്നു വെച്ചാൽ ചെയ്തോ എന്ന് മറുപടി നൽകിയതോടെ ഫോൺ കട്ടായി. ട്രൂകോളറിൽ പരിശോധിച്ചപ്പോൾ പാകിസ്താൻ നമ്പർ ആണ് കാണിക്കുന്നത്.
സാമ്പത്തിക നഷ്ടം സംഭവിക്കാത്തതിനാൽ പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഭവം മറ്റു പലരോടും പറഞ്ഞപ്പോഴാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ ഉണ്ടെന്നറിഞ്ഞത്.
വിശ്വസിപ്പിക്കാൻ അവർ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മകന്റെ ഫോട്ടോ കാണിക്കുകയും ശബ്ദം കേൾപ്പിച്ചെന്നുമിരിക്കും. മക്കൾ പുറത്ത് പഠിക്കുന്നവരാണെങ്കിൽ മാതാപിതാക്കൾ ഇത് വിശ്വസിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.