മാസ്ക് മാറ്റാറായില്ലെന്ന് ഐ.എം.എ
text_fieldsകൊച്ചി: നിലവില്‍ മാസ്ക് ഉപേക്ഷിക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). നിലവിലെ കോവിഡ് രോഗികളുടെ എണ്ണത്തിലെ കുറവ് ഒരു തരംഗത്തിന്റെ അവസാനമായതിനാലാണ്. ഇനിയും തരംഗങ്ങളുണ്ടായേക്കാം. വരുമെന്ന് പറയുന്ന എക്സ്ഇ വേരിയന്റിന്റെ തീവ്രതയെ കുറിച്ച് വ്യക്തതയില്ല. അതുകൊണ്ടുതന്നെ ആള്‍ക്കൂട്ടം പോലും ഒഴിവാക്കേണ്ടതാണെന്നും ഐ.എം.എ ഭാരവാഹികള്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളെ സുരക്ഷിത മേഖലകളാക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്തുകള്‍ മാത്രമേ ഇക്കാര്യത്തില്‍ നടന്നിട്ടുള്ളൂ. ആരോഗ്യമേഖലയില്‍ സംരക്ഷണം നൽകുന്നതില് സര്‍ക്കാര്‍ പരാജയമാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി പറഞ്ഞു.
ആരോഗ്യമേഖലയില്‍ പണം മുടക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ പിന്നോട്ടാണ്. ആരോഗ്യമേഖലയില്‍ നടക്കുന്ന ആക്രമണ കേസുകളില്‍ മിക്കതിലും പ്രതികളെ അറസ്റ്റുചെയ്യുന്നതില്‍ പൊലീസിന് അലംഭാവമാണ്. ആക്രമണങ്ങള്‍ നിരവധിയുണ്ടായിട്ടും ഒരാള്‍ക്കു പോലും ഇതുവരേയും ശിക്ഷ കിട്ടിയിട്ടില്ലെന്നതാണ് വാസ്തവം. വനിതാ ഡോക്ടര്‍മാര്‍ അടക്കം ആക്രമിക്കപ്പെട്ടിട്ടും വനിതാ കമ്മീഷനു പോലും മിണ്ടാട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങളില്‍ തങ്ങളും തിരുത്തപ്പെടേണ്ടതുണ്ടെന്നും ഐ.എം.എ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. അതേസമയം, സര്‍ക്കാര്‍ മേഖലയില്‍ ആവശ്യത്തിനു ജീവനക്കാരെ വെക്കാത്തതിനാല്‍ അധികഭാരം ചുമക്കേണ്ട അവസ്ഥയുണ്ട്.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ചില വ്യവസ്ഥകള്‍ ചെറുതും ഇടത്തരവുമായ ആശുപത്രികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സങ്കര ചികിത്സ രീതിക്കെതിരെയും ഐ.എം.എ രംഗത്തുവന്നു. ശുദ്ധമായ ഓരോ ചികിത്സ രീതികളെയും ഇല്ലാതാക്കാനേ ഇതു സഹായിക്കൂവെന്നും അവര്‍ പറഞ്ഞു. എം.ബി.ബി.എസ് യോഗ്യതയില്ലാത്തവര്‍ക്കും ആധുനിക വൈദ്യശാസ്ത്രമേഖല കൈകാര്യം ചെയ്യാന്‍ ബ്രിഡ്ജ് കോഴ്സുകള്‍ വഴി അനുവാദം നൽകുന്ന സമ്പ്രദായം ഒഴിവാക്കണമെന്ന ആവശ്യവും ചരകപ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിനു യോജിച്ചതല്ലെന്ന അഭിപ്രായവും അവര്‍ ഉയര്‍ത്തി. ഇവയടക്കമുള്ള ആവശ്യങ്ങള്‍ ജനസമക്ഷവും അധികാരി സമക്ഷവും എത്തിക്കാനായി ഐ.എം.എ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന തരംഗം യാത്രയോടനുബന്ധിച്ചായിരുന്നു അവർ മാധ്യമങ്ങളെ കണ്ടത്.
യുക്രെയ്നില്‍ നിന്നും വന്ന മെഡിക്കല്‍ വിദ്യാര്‍ഥികളെ ഉടന്‍ തന്നെ നമ്മുടെ സംവിധാനത്തിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന് ചോദ്യത്തിനു മറുപടിയായി ഡോ. സാമുവല്‍ കോശി പറഞ്ഞു. യുദ്ധം കാലങ്ങളോളമുണ്ടാകില്ല. മടങ്ങിച്ചെല്ലാനുള്ള സാധ്യത ഇല്ലാതെ വരുമ്പോള്‍ ഇക്കാര്യം പരിഗണിച്ചാല്‍ മതിയെന്നാണ് ഐ.എം.എയുടെ അഭിപ്രായം. വാർത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവെന്, വൈസ് പ്രസിഡന്റ് ഡോ. ഗോപികുമാര്‍, ഡോ. ജോയ് മഞ്ഞില, ഡോ. എം.എന്‍. മേനോന്, ഡോ. ഏബ്രഹാം വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.