ഇത് ശരിക്കും പുതിയ പി.ടി-ഏഴ്
text_fieldsപാലക്കാട്: കൂട്ടിൽ ശാന്തനായി നിൽക്കുന്നതിനിടെ ചുറ്റുമെത്തിയ ആളുകളെ പതിഞ്ഞ് നോക്കി. അതിനിടെ കുളിപ്പിച്ച് കൊണ്ടിരുന്ന പാപ്പാന്മാർ തലതാഴ്ത്താൻ പറഞ്ഞത് അനുസരിച്ചു. കാലുകൾ നീക്കിവെച്ചു നൽകി. പാലക്കാടിന്റെ മലയോര ഗ്രാമങ്ങളെ വിറപ്പിച്ച പി.ടി-ഏഴ് എന്ന ധോണി ക്യാമ്പിൽ പതിയെ ചട്ടങ്ങൾ അഭ്യസിക്കുകയാണ്. പിടികൂടിയെത്തിച്ച നേരത്തെ ക്ഷോഭവും ക്ഷീണവുമൊക്കെ മാറി ധോണി ഇപ്പോൾ ഉഷാറാണ്.
മാസങ്ങളോളം ധോണി, മലമ്പുഴ മേഖലകളില്‍ നിത്യസാന്നിധ്യമാവുകയും കൃഷിവ്യാപകമായി നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്തതോടെ ജനുവരി 22നാണ് സര്‍ക്കാര്‍ അനുമതിയോടെ വനം വകുപ്പ് പിടികൂടി കൂട്ടിലടച്ചത്. വയനാട്ടില്‍ നിന്നുള്ള ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്.
പറമ്പിക്കുളം കോഴിക്മിതിയില് നിന്നുള്ള പാപ്പാന്മാരായ മാധവനും മണികണ്ഠനും 23 മുതല്‍ ആനയുടെ പരിചരണ ചുമതല ഏറ്റെടുത്തു. 20 മുതല്‍ 23 വയസ്സുവരെ പ്രായമാണ് ആനക്ക് വനം വകുപ്പ് കണക്കാക്കുന്നത് 7.45 അടിയോളം ഉയരമുണ്ട്. ദിവസങ്ങള്‍ കൂട്ടില്‍ കിടന്നതിനാല്‍ ശരീരം അല്പം ശോഷിച്ചിട്ടുണ്ടെങ്കിലും പഴയ കരുത്തില്‍ ഒട്ടും കുറവില്ല. നിലവിൽ ഏതാനും നിർദേശങ്ങൾ അനുസരിച്ചു തുടങ്ങിയ ധോണി പാപ്പാൻമാരുമായും ക്യാമ്പിലെ ജീവനക്കാരുമായും അടുത്തുതുടങ്ങിയിട്ടുണ്ട്. രണ്ടുമാസത്തിനുള്ളിൽ ഏതാണ്ട് പൂർണമായ തോതിൽ ചട്ടം അഭ്യസിപ്പിക്കാനാവുമെന്ന് ഡി.എഫ്.ഒ കുറ ശ്രീനിവാസ് മാധ്യമത്തോട് പറഞ്ഞു. നിലവിൽ പാപ്പാന്മാരുടെ നിര്‍ദേശപ്രകാരം ഇരിക്കാനും കിടക്കാനും തുടങ്ങി.
ദിവസവും രാവിലെയും വൈകീട്ടുമായി ചട്ടം പഠിപ്പിക്കുന്നുണ്ട്. ചൂട് കൂടിയ കാലാവസ്ഥയിൽ മൂന്ന്, നാല് തവണ കുളിപ്പിച്ചാണ് ആരോഗ്യസംരക്ഷണം. ആദ്യഘട്ടത്തിൽ കൂട്ടാക്കിയിരുന്നില്ലെങ്കിലും കൂട്ടിലെ സാഹചര്യങ്ങളോട് ഇണങ്ങിയിട്ടുണ്ട്. പിടികൂടി മൂന്നാഴ്ചയിലധികം മദപ്പാടില്‍ തുടര്‍ന്ന ആന ആദ്യ ആഴ്ചകളില്‍ പാപ്പാന്മാരുടെ സാന്നിധ്യം പോലും അനുവദിച്ചിരുന്നില്ല.
150 കിലോ വെട്ട്പുല്ലും അഞ്ച് കിലോ ധാന്യങ്ങളും ഒരു ദിവസം രണ്ട് നേരമായി നൽകുന്നുണ്ട്. രണ്ട് കിലോ അരി, ഒരു കിലോ ഗോതമ്പ്, ഒരു കിലോ റാഗി, അരക്കിലോ ചെറുപയര്‍, അരക്കിലോ മുതിര എന്നിവ ചേര്‍ത്ത് വേവിച്ചാണ് അഞ്ച് കിലോ രണ്ട് നേരമായി കൊടുക്കുന്നത്. ദിവസേന ഡോക്ടറുടെ നിരീക്ഷണം. കാടും നാടും വിറപ്പിച്ച ധോണി പരിശീലനത്തിന് ശേഷം കുങ്കിയായി മറ്റ് വില്ലൻമാരെ തിരഞ്ഞിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.