സ്കൂൾ തുറന്നപ്പോൾ അധ്യാപിക തൂപ്പുകാരിയായി; 24 വർഷം ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ച ഉഷ ടീച്ചറുടെ പുതിയ വേഷം ഇതാണ്
text_fieldsതിരുവനന്തപുരം: എല്ലാ വർഷവും സ്കൂൾ തുറക്കുന്ന ദിവസവും അധ്യാപകദിനത്തിലും മാധ്യമങ്ങളിൽ ഇടംപിടിക്കുന്നൊരാളുണ്ട്. കാടും മലയും പുഴയും കടന്ന് ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിക്കാനെത്തുന്ന അമ്പൂരി കുന്നത്തുമല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിലെ ഉഷ കുമാരി ടീച്ചർ. പ്രകൃതി ക്ഷോഭങ്ങളെയും മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും അക്രമങ്ങളെയും നേരിട്ട് ദിനവും കാട് കയറിയിറങ്ങുന്ന ടീച്ചറുടെ കഥ അതിജീവനത്തിന്റെയും സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയുമൊക്കെ പ്രതീകമായി എല്ലാ വർഷവും പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ വർഷം സ്കൂൾ തുറന്നപ്പോൾ ടീച്ചർ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് പക്ഷേ, ഇതിന്റെയൊന്നും പേരിലല്ല. 24 വർഷം അക്ഷര വെളിച്ചം പകർന്ന ടീച്ചർ ഇപ്പോൾ തൂപ്പുകാരിയാണ്. ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന്‍റെ ഭാഗമായി പാർട്ട് ടൈം/ ഫുൾ ടൈം സ്വീപ്പർ തസ്തികയിലേക്ക് നിയമിച്ചതിനെ തുടർന്നാണ് ഉഷ കുമാരി ടീച്ചർ പേരൂർക്കട പി.എസ്.എൻ.എം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തൂപ്പുകാരിയായി മാറിയത്.
'തൂപ്പുജോലിയാണ് കിട്ടിയതെന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ല. ദിവസവും കാടും മലയും കയറി പോയിരുന്ന എനിക്ക് ഈ ജോലിയൊക്കെ നിസ്സാരമാണ്. എന്റെ മക്കളെ പോലും വേണ്ടവിധം നോക്കാതെയാണ് 24 വര്‍ഷം ജോലി ചെയ്തത്. പക്ഷേ, ഇനി അഞ്ച് വര്‍ഷത്തെ സര്‍വീസ് മാത്രമേ എനിക്കുള്ളൂ. പെൻഷന് അർഹതയുള്ള കാലം വരെ സർവീസ് ഉണ്ടാകില്ല എന്നത് മാത്രമാണ് സങ്കടം. ഇത്രയും നാൾ കഷ്ടപ്പെട്ട് ജോലി ചെയ്തതിനാൽ പെന്‍ഷന്‍ കിട്ടുന്ന അവസ്ഥ ഉണ്ടാക്കി തരമെന്നാണ് സർക്കാറിനോട് പറയാനുള്ളത്. ഏകാംഗ വിദ്യാലയങ്ങള്‍ അടച്ചപ്പോഴും ഞങ്ങളെ വഴിയാധാരമാക്കാതിരുന്ന സർക്കാറിനോട് എക്കാലത്തും നന്ദിയും ഉണ്ടാകും' -ഉഷ ടീച്ചർ പറയുന്നു.
ഇത് ഉഷ ടീച്ചറിന്‍റെ മാത്രം കാര്യമല്ല. ആദിവാസി മേഖലയുൾപ്പെടെയുള്ള പിന്നാക്ക പ്രദേശങ്ങളിലെ ഏകാധ്യാപക വിദ്യാലയങ്ങളിൽ അധ്യാപകരായിരുന്ന (വിദ്യാ വൊളന്റിയർ) 50 പേര്‍ക്കാണ് തൂപ്പുജോലിക്കാരായി സർക്കാർ സ്ഥിര നിയമനം നൽകിയത്. വനാന്തരങ്ങളിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലെയും കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1996ലാണ് ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്ന വിദ്യാലയങ്ങളാണിത്. മാര്‍ച്ച് 31 നാണ് സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചത്. വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലുള്ള സ്‌കൂളുകളില്‍ രണ്ട് അധ്യാപകരുണ്ടാകുമെന്നതിനാൽ ജോലി നഷ്ടപ്പെട്ടത് 344 പേർക്കാണ്. ഇതിൽ 50 പേരെയാണ് തൂപ്പുജോലിക്കാരായി സർക്കാർ നിയമിച്ചത്.
ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവയുടെ പ്രവർത്തനം നിർത്തി അധ്യാപകരെ പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്വീപ്പർ തസ്തികയിൽ നിയമിക്കാൻ തീരുമാനിച്ചത്. അടയ്ക്കുന്ന വിദ്യാലയങ്ങളിലെ കുട്ടികൾക്ക് തൊട്ടടുത്തുള്ള വിദ്യാലയങ്ങളിൽ പഠനം തുടരാൻ അവസരവുമൊരുക്കിയിരുന്നു. എന്നാൽ, ജോലി നഷ്ടപ്പെട്ടവർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി നല്‍കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല.
ആദ്യമൊക്കെ 10–ാം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവരെയാണ് ഏകാധ്യാപക വിദ്യാലയങ്ങളിൽ അധ്യാപകരായി നിയമിച്ചിരുന്നത്. പിന്നെ ടി.ടി.സിക്കാരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുളളവരും നിയമിതരായി. അതിനാല്‍ അതിനനുസരിച്ചുള്ള ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാൽ, പിന്നീട് സ്വയം പഠിച്ച് ബിരുദം നേടിയ ഉഷയെ പോലുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള തസ്തിക ലഭിച്ചിട്ടില്ല. മുമ്പ് പൊലീസിൽ ലഭിക്കുമായിരുന്ന ജോലി ഉപേക്ഷിച്ചിട്ടാണ് കുട്ടികള്‍ക്കുള്ള പച്ചക്കറികളും പാലും മുട്ടയും പുസ്തകങ്ങളുമൊക്കെ ചുമന്ന് മലയും പുഴയും കടന്ന് ഉഷ അധ്യാപനത്തിന്റെ വഴി തെരഞ്ഞെടുത്തത്. ചോക്കു പിടിച്ച കൈകളിൽ ചൂല് പിടിക്കേണ്ട സാഹചര്യത്തെയും അതിജയിക്കാൻ തന്നെയാണ് ഉഷയുടെ തീരുമാനം.
ഊരിന്റെ സ്വന്തം ഉഷ ടീച്ചര്‍
ജീവിതം സാഹസമാക്കിയ വനിതയാണ് കുന്നത്തുമല ഊരിന്റെ സ്വന്തം അധ്യാപികയായ ഉഷ ടീച്ചർ. 1996ല്‍ വിദ്യാ വളന്റിയറായി ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ടീച്ചര്‍ലാണ് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായി ചുമതലയേറ്റത്. അമ്പൂരി കടയറയിലെ ഉഷ കുമാരിയുടെ വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള യാത്ര ഇങ്ങനെയായിരുന്നു. ആദ്യം മൂന്ന് കിലോമീറ്റർ അകലെയുള്ള കുമ്പിച്ചൽ കടവിലേക്ക്. അവിടെ നിന്ന് വഞ്ചിയിൽ നെയ്യാറിന്റെ കൈവഴിയായ കരിപ്പയാർ കടക്കണം. 15 മിനിട്ട് കൊണ്ട് കടത്ത് കടന്ന് കാരിക്കുഴി കടവിലെത്തും. പിന്നെ, രണ്ട് മണിക്കൂർ കാൽനടയായി വേണം പാറപ്പുറത്തുള്ള കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെത്താൻ.
പഠനകാലത്ത് ചുമടെടുത്തും വെള്ളം കോരിയും അരിയിടിക്കാന്‍ പോയുമൊക്കെയാണ് പഠിക്കാന്‍ ആവശ്യമായ പണം ഉഷ കണ്ടെത്തിയിരുന്നത്. പത്താം ക്ലാസ് മുതല്‍ സാമൂഹിക സേവനരംഗത്ത് സജീവമാണ്. 1985ല്‍ പി.എന്‍. പണിക്കരുടെ (കാന്‍ഫെഡ്) വയോജന വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെയാണ് ആദിവാസി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വലിയതുറയില്‍ മത്സ്യത്തൊഴിലാളി സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ചെറുരശ്മി സെന്റര്‍ എന്ന സംഘടനയുമായി ചേര്‍ന്നും പ്രവര്‍ത്തിച്ചു. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ എന്നിവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സംഘടനകളില്‍ ഫീല്‍ഡ് ഓർഗനൈസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമ്പൂരി പഞ്ചായത്തിലെ സ്ത്രീകളുടെ പദവി ഉയര്‍ത്തല്‍ പ്രോജക്ടിന്റെ കോഓഡിനേറ്റര്‍ ആയിരുന്നു. അംഗനവാടി കേന്ദ്രീകരിച്ച 14 മഹിളാ സമാജങ്ങള്‍ രൂപവത്കരിച്ചു. സ്വയം സഹായസംഘങ്ങള്‍ രൂപവത്കരിക്കുകയും പിന്നീട് കുടുംബശ്രീയായി മാറ്റുകയും ചെയ്തു. അങ്ങനെ പഞ്ചായത്തില്‍ ആദ്യമായി കുടുംബശ്രീ രൂപവത്കരണവും ടീച്ചറാണ് നടത്തിയത്. പ്രീഡിഗ്രി തോറ്റെങ്കിലും ടീച്ചര്‍ ജോലിയോടൊപ്പം 40ാം വയസ്സില്‍ ഓപണ്‍ സ്‌കൂള്‍ വഴി ഹയര്‍സെക്കൻഡറി പഠനം പൂര്‍ത്തിയാക്കുകയും വിദൂരവിദ്യാഭ്യാസം വഴി ഡിഗ്രി പഠനം നടത്തുകയും ചെയ്തു. സന്നദ്ധസംഘടനകള്‍, നെഹ്റു യുവകേന്ദ്ര, അക്ഷരകേരളം, ഡി.പി.ഇ.പി - എസ്.എസ്.എ പൊതുവിദ്യാഭ്യാസം തുടങ്ങിയവയുടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ലോഡിങ് തൊഴിലാളിയായ ഭർത്താവ് കെ. മോഹനൻ മക്കളായ മോനിഷ്, രേഷ്മ എന്നിവരടങ്ങുന്നതാണ് ഉഷ ടീച്ചറിന്റെ കുടുംബം.
'ഒരു ജോലിയുടെയും മഹത്വത്തെ അമ്മയും ഞങ്ങളും കുറച്ചുകാണുന്നില്ല. പക്ഷേ, അൽപം കൂടി മാന്യമായ തസ്തിക അമ്മയടക്കമുള്ള അധ്യാപകർ അർഹിക്കുന്നുണ്ട്. തൂപ്പുജോലി ലഭിച്ച തിരുവനന്തപുരം ജില്ലയിലെ പല അധ്യാപകരും ഇന്നലെ അമ്മയെ വിളിച്ചു കരഞ്ഞിരുന്നു. കുഴപ്പമില്ല എന്നു പറയുമ്പോഴും അമ്മയുടെ ഉള്ളിൽ എന്തുമാത്രം വേദനയുണ്ടെന്ന് എനിക്ക് അറിയാം. അമ്മ മുമ്പ് പഠിപ്പിച്ച പലരും അധ്യാപകരായിട്ടുണ്ട് അവർ ആരെങ്കിലും അമ്മ തൂപ്പുകാരിയായി ജോലി ചെയ്യുന്ന സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച് വരികയാണെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ച് നോക്കുമ്പോളാണ് സങ്കടം വരുന്നത്. പിന്നാക്ക മേഖലയിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് സ്ഥാപിച്ചതാണ് ഏകാധ്യാപക വിദ്യാലയങ്ങൾ. അവരെ പഠിപ്പിച്ചു വലുതാക്കിയവരെ ഇങ്ങനെ തരംതാഴ്ത്തുമ്പോൾ ആ ലക്ഷ്യത്തിന്റെ അർഥമാണ് ഇല്ലാതാകുന്നത്' -ഉഷയുടെ മകളും ഫോട്ടോഗ്രാഫറുമായ രേഷ്മ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.