എന്നുതീരും ഈ ദുരിതം
text_fieldsകൊച്ചി: തിരക്കേറിയ വേണാട് എക്സ്പ്രസിൽനിന്ന് തൃപ്പൂണിത്തുറയിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ യുവാവ് ഇപ്പോഴും ചികിത്സയിലാണ്. തിരക്കിൽ ശ്വാസംകിട്ടാതെ തളർന്നുവീഴുന്ന യാത്രക്കാർ പാലരുവി എക്സ്പ്രസിലെ പതിവുകാഴ്ചയായിരിക്കുന്നു. എറണാകുളത്തേക്ക് എത്തുന്നവരുടെയും ഇവിടെനിന്ന് മറ്റ് ജില്ലകളിലേക്ക് പോകുന്നവരുടെയും യാത്രാദുരിതത്തിന്റെ ഇത്തരം കഠിനമായ അനുഭവങ്ങൾക്ക് കാലങ്ങളുടെ പഴക്കമുണ്ട്.
തിങ്ങിനിറയുന്ന ട്രെയിനുകളാണ് രാവിലെയും വൈകീട്ടും കാഴ്ച. സീറ്റ് ലഭിക്കാതെ മണിക്കൂറുകൾ നിന്ന് യാത്രചെയ്യേണ്ടി വരുന്നവർ രോഗികളായി മാറുന്നതാണ് സ്ഥിതി. ആയിരക്കണക്കിനാളുകളാണ് ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽനിന്ന് ട്രെയിൻ മാർഗം എറണാകുളത്തേക്ക് എത്തുന്നത്. കാലങ്ങളായി തുടരുന്ന ഇവരുടെ പ്രശ്നങ്ങൾക്ക് പലതവണ പരാതികൾ നൽകിയിട്ടും നടപടികളൊന്നുമായിട്ടില്ല.
കാത്തിരുന്ന്... കാത്തിരുന്ന്...
വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചതോടെ തുടങ്ങിയ ദുരിതത്തിന് ഇനിയും അറുതി വന്നിട്ടില്ല. രാവിലെ കോട്ടയംവഴി എറണാകുളത്തേക്കുള്ള വന്ദേഭാരത് കടത്തിവിടാൻ 20 മിനിറ്റ് പിറവം റോഡിലോ മുളന്തുരുത്തി സ്റ്റേഷനിലോ പാലരുവി പിടിച്ചിടും. സീറ്റില്ലാതെ നിന്നുമടുത്ത യാത്രക്കാർ മുളന്തുരുത്തിയിൽ പിടിച്ചിടുന്നതോടെ ട്രെയിനിൽ ശ്വാസംമുട്ടുകയാണ്.
പകരം ഈ സമയം പാലരുവി സ്ഥിരമായി തൃപ്പൂണിത്തുറയിൽ എത്തിച്ചാൽ ഇൻഫോ പാർക്ക് അടക്കമുള്ള ഐ.ടി മേഖലയിലേക്കുള്ള യാത്രക്കാർക്കെങ്കിലും ആശ്വാസമാകും. ക്രോസിങ്ങിന് പിടിക്കുന്ന 20 മിനിറ്റിൽ മെട്രോ പോലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പലർക്കും ഓഫിസുകളിൽ എത്താനാകും. അവശേഷിക്കുന്ന യാത്രക്കാർക്ക് തിരക്ക് കുറയുന്നതിന്റെ ആശ്വാസവും ലഭിക്കും.
ശ്വാസംമുട്ടി യാത്ര...
ആവശ്യത്തിന് സർവിസുകളില്ലെന്നതാണ് പ്രധാന വെല്ലുവിളി. ഉൾക്കൊള്ളാവുന്നതിലുമധികം ആളുകളുമായി തോന്നുംപടിയാണ് പല ട്രെയിനുകളുടെയും യാത്ര. ഏറെ യാത്രക്കാരുള്ള പാലരുവിയിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് നിൽക്കുകയാണ് റെയിൽവേ.
ചെങ്കോട്ട പാതയിൽ 22 കോച്ചുകളുടെ പരീക്ഷണയോട്ടം വിജയകരമായെങ്കിലും കോച്ചുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ ധാരണയായില്ല. രാവിലെ കോട്ടയം ഭാഗത്തുനിന്നും പാലരുവിക്കും വേണാട് എക്സ്പ്രസിനും ഇടയിൽ രണ്ട് മണിക്കൂറിലേറെ ഇടവേളയുള്ളതാണ് തിരക്ക് വർധിക്കാൻ കാരണം.
വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് തൃപ്പൂണിത്തുറയിൽനിന്ന് തിരുവനന്തപുരത്തേക്ക് വേണാടിലെ യാത്രക്കാർ ഡോറിൽ തൂങ്ങിനിന്ന് യാത്രചെയ്യുന്ന കാഴ്ച പലതവണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയതാണ്. വൈകീട്ട് 05.45നുശേഷം തിരുവനന്തപുരത്തേക്ക് റെഗുലർ സർവിസുകൾ ഇല്ലാത്തതിനാൽ വേണാടിൽ വൻതിരക്കാണ്.
06.40ന് എറണാകുളം ടൗണിൽനിന്ന് തിരുനെൽവേലിക്ക് പുറപ്പെടുന്ന പാലരുവിക്കുശേഷം ചങ്ങനാശ്ശേരി ഭാഗത്തേക്ക് മറ്റൊരു ട്രെയിനുമില്ല. 06.15ന് എറണാകുളം ജങ്ഷനിൽനിന്ന് (സൗത്ത്) കോട്ടയം ഭാഗത്തേക്കുള്ള മെമുവും ടൗൺ സ്റ്റേഷനിൽനിന്നുള്ള (നോർത്ത്) പാലരുവി എക്സ്പ്രസും നേരിയ ഇടവേളയിൽ കടന്നുപോകുന്നതിനാൽ യഥാർഥ പ്രയോജനം ലഭിക്കുന്നുമില്ല.
കോട്ടയത്തേക്കുള്ള സ്ഥിരം യാത്രക്കാരുടെ അവസാന ആശ്രയമായ നിലമ്പൂർ-കോട്ടയം എക്സ്പ്രസ് 7.45നാണ്. മുമ്പ് എട്ടുമണിക്ക് ശേഷം പുറപ്പെട്ടിരുന്ന ഈ ട്രെയിൻ നേരത്തെയാക്കിയതോടെ കടകളിലും മറ്റും ജോലി ചെയ്യുന്നവർക്ക് പ്രയോജനപ്പെടുന്നുമില്ല.
വന്ദേഭാരതിൽ കുടുങ്ങുന്ന ആലപ്പുഴക്കാർ
വന്ദേഭാരത് എക്സ്പ്രസ് കൃത്യസമയം പാലിക്കാത്തതുമൂലം ആലപ്പുഴ വഴിയുള്ള സ്ഥിരം യാത്രക്കാരാണ് ബുദ്ധിമുട്ടിലാകുന്നത്. വൈകീട്ട് 06.38ന് എറണാകുളം ജങ്ഷനിൽ എത്തേണ്ട വന്ദേഭാരത് സർവിസ് ആരംഭിച്ചിട്ട് ഇതുവരെ കൃത്യസമയം പാലിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ഇതുമൂലം ദുരിതം അനുഭവിക്കുന്നത് വൈകീട്ട് 06.25ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന കായംകുളം പാസഞ്ചറിലെ യാത്രക്കാരാണ്. ഈ ട്രെയിൻ കുമ്പളത്ത് പിടിച്ചിടുകയാണ്.
04.20ന് ഏറനാട് എക്സ്പ്രസ് കിട്ടിയില്ലെങ്കിൽ 06.25നുള്ള കായംകുളം പാസഞ്ചർ മാത്രമാണ് ഇവരുടെ ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.