കണ്ണീരുണങ്ങാതെ ഈ ഉമ്മ ചോദിക്കുന്നു; ഞങ്ങളെ തനിച്ചാക്കിയതെന്തിന് ?
text_fieldsദമ്മാം: ''അവന്‍റെ സ്വത്തോ സമ്പാദ്യമോ ഒന്നും ഞങ്ങൾക്കു വേണ്ട. അവനെയൊന്ന് കാണണം. എന്തിനാണ് ഞങ്ങളെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നതെന്ന് ചോദിക്കണം'' -വിതുമ്പിക്കരഞ്ഞുകൊണ്ട് ആ ഉപ്പയും ഉമ്മയും പറയുന്നു. 16 വർഷം മുമ്പ് വീടുവിട്ടു പോയ മകനെ തേടി കടൽ കടന്നെത്തിയിരിക്കുകയാണ് കുന്നത്തുവീട്ടിൽ ബീരാനും ഭാര്യ സൈനും. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, അഞ്ചപ്പുര സ്വദേശികളായ അവരുടെ മൂത്തമകൻ യാസിർ അറഫാത്ത് (41) ദമ്മാമിലുണ്ടെന്ന് കേട്ടറിഞ്ഞാണ് വരവ്.
40 വർഷം പ്രവാസിയായിരുന്ന ബീരാൻ ഏഴു വർഷം മുമ്പാണ് നാടണഞ്ഞത്. യാസിർ അറഫാത്ത് ഉൾപ്പെടെ നാല് ആൺമക്കൾ. കല്യാണം കഴിഞ്ഞ് അഞ്ചുവർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷം ലഭിച്ച കൺമണിയാണ് യാസിർ. അതുകൊണ്ടുതന്നെ ഏറെ വാത്സല്യവും കരുതലും നൽകിയാണ് വളർത്തി.
ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. അത് പഠിക്കാനുമയച്ചു. പക്ഷേ, പാതിവഴിയിൽ നിർത്തി. ഇനിയെന്തെന്ന് ആലോചിക്കാൻ നിന്നില്ല. ബീരാൻ മകനെ ഗൾഫിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവന് 22 വയസ്സായിരുന്നു. ഒരു വർഷം മുറിയിൽതന്നെ ഇരുന്നതിനുശേഷമാണ് ജോലിക്ക് കയറിയത്.
നാലുവർഷത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ വിവാഹം നടത്തിക്കൊടുത്തു. എന്നാൽ, ഏഴു ദിവസം മാത്രമേ അത് നീണ്ടുനിന്നുള്ളൂ. വധുവിന്റെ വീട്ടുകാരുടെ സമ്മർദവും പൊലീസ് നിരന്തരം വീട് കയറിയിറങ്ങുകയും ചെയ്തതോടെ, യാസിറിന്റെ അനുവാദമില്ലാതെ തന്നെ വിവാഹ മോചനത്തിന് സമ്മതം മൂളാൻ ഉമ്മ നിർബന്ധിതയായി. ഇതിന് ശേഷം യാസിർ വീട്ടിലെത്തിയില്ല.
കുറെക്കാലമായി ഒരു വിവരവുമുണ്ടായിരുന്നില്ല. അതിനിടയിലാണ് സൗദിയിലുണ്ടെന്നും നല്ല സാമ്പത്തിക നിലയിൽ കഴിയുകയാണെന്നും അറിഞ്ഞത്. എന്നാൽ, ആരും ദമ്മാമിൽ അവനെ കണ്ടിട്ടില്ല.നാട്ടുകാർക്കുപോലും അയാളെക്കുറിച്ച് അറിയില്ല. യാസിറിന്‍റെ സഹോദരൻ റിയാദിലുണ്ട്. മറ്റൊരാൾ ഖത്തറിലും. യാസിറിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് സഹോദരൻ മാതാപിതാക്കൾ ദമ്മാമിലെത്തിയ വിവരം വിളിച്ചറിയിച്ചു. എന്നാൽ, താൻ തിരക്കിലാണ് എന്നായിരുന്നു മറുപടി.
ഇതിന് മുമ്പൊരിക്കൽ മാതാപിതാക്കൾ ഉംറക്കെത്തിയ സമയത്തും, പിതാവിന് കാലിന് വേദനയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തിരക്കിലാണ് എന്ന മറുപടിയാണത്രേ അന്നും ലഭിച്ചത്.മാതാപിതാക്കളുടെ ദുഃഖമറിഞ്ഞ് 'ഗൾഫ് മാധ്യമം' ദമ്മാം ബ്യൂറോയിൽനിന്ന് ബന്ധപ്പെട്ടപ്പോഴും താൻ യാത്രയിലാണ് എന്ന് മറുപടി പറഞ്ഞ് ഒഴിയുകയായിരുന്നു.
''അവന്‍റെ ഒരു സ്വത്തും ഞങ്ങൾക്കു വേണ്ട. അവന് ഞങ്ങളെ വേണ്ടെങ്കിലും ഞങ്ങൾക്ക് അവനെ വേണം. ഞങ്ങളുടെ സ്വത്ത് വിഹിതവും അവനെ ഏൽപിക്കണം. ഇപ്പോൾ തീരെ വയ്യാതായിരിക്കുന്നു. എന്‍റെ മോനെ കണ്ടെത്താൻ സഹായിക്കണം'' -ബീരാൻ പറയുന്നു. യാസിർ എത്തുമെന്ന് അറിയുന്ന ഓരോ ഇടങ്ങളിലും പോയി ഈ വയോദമ്പതികൾ കാത്തുനിൽക്കുകയാണ്.കഴിഞ്ഞ ദിവസം ദമ്മാമിലെ ഒരു ഹോട്ടലിൽ യാസിർ ഭക്ഷണം കഴിക്കാൻ എത്താറുണ്ടെന്നറിഞ്ഞ് രാത്രി വരെ അവിടെയും പോയി കാത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.