അനാരോഗ്യമാണ് ഈ എൻ.എം.സി ലോഗോ മാറ്റം
text_fieldsപാലക്കാട്: നാഷണൽ മെഡിക്കൽ കമീഷന്റെ (എൻ.എം.സി) ലോഗോ മാറ്റത്തിൽ ജനകീയാരോഗ്യ പ്രവർത്തകരിൽ നിന്നും ആരോഗ്യമേഖലയിലെ വിവിധ സംഘടനകളിൽ നിന്നും വ്യാപക പ്രതിഷേധം. അശോകസ്തംഭം മാറ്റി ഹൈന്ദവ ദേവനായ ധന്വന്തരിയുടെ ചിത്രമുൾക്കൊള്ളുന്ന ലോഗോ പിൻവലിക്കണമെന്നാവശ്യം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നു. സമൂഹമാധ്യമങ്ങളിലും ചൂടേറിയ ചർച്ചകൾക്കും നീക്കം വഴിമരുന്നിട്ടു. ഗ്രീക്ക് ദേവന്മാരുടെ ചിത്രവും സിദ്ധാന്തവും ഔദ്യോഗികമായി അംഗീകരിക്കാമെങ്കിൽ ആരോഗ്യമേഖലയിലെ ഹിന്ദു ദേവന്മാരുടെ ചിത്രവും പാരമ്പര്യവും ഉൾകൊള്ളുന്നതിൽ എന്തിനാണിത്ര വിമുഖതയെന്നാണ് സംഘപരിവാരങ്ങളിൽ നിന്ന് ഉയരുന്ന ചോദ്യം. ഇതിനെതിരെ ട്രോളുകൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
വിഷയത്തിൽ പ്രമുഖ ആരോഗ്യ സംഘടന പ്രതിനിധികളുടെ പ്രതികരണങ്ങൾ
‘ലോഗോ മാറ്റം പ്രതിഷേധാർഹം’
ദേശീയ മെഡിക്കൽ കമീഷഷന്റെ ലോഗോ മാറ്റം പ്രതിഷേധാർഹമാണ്. മതേതരത്വവും ശാസ്ത്രീയ കാഴ്ചപ്പാടും പുലർത്തേണ്ട കമീഷൻ അതിന്റെ ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരമാണ്. ആധുനിക വൈദ്യുശാസ്ത്രത്തിന് സ്വീകര്യമല്ലാത്ത തീരുമാനം ഉടൻ പിൻലിക്കണം.
(ഡോ.കെ. ശശിധരൻ(ഐ.എം.എ സംസ്ഥാന സെക്രട്ടറി)
ലോഗോ പിൻവലിക്കണം
ഒരു ഹിന്ദുത്വ പദ്ധതിയായി നീക്കത്തെ കണക്കാക്കിഎൻ.എം.സി ലോഗോ പിൻവലിക്കണം. രാജ്യത്തെ സെക്യുലറിസത്തിന് എതിരെയുള്ള പ്രകടമായ നീക്കമാണ്. ലോഗോയിൽ കാണുന്ന ധന്വന്തരി പ്രചാരകനായ ചികിത്സരീതിയല്ലല്ലോ, മോഡേൺ മെഡിസിനല്ലേ പഠിപ്പിക്കുന്നത്. അതിനാൽ ഇത്തരം ബന്ധമില്ലാത്ത ചിത്രങ്ങൾ ശാസ്ത്ര പ്രസ്ഥാനങ്ങളിൽ ചാർത്തുന്നത് ശരിയല്ല.
(ഡോ. കെ.പി. അരവിന്ദൻ( ജനകീയാരോഗ്യ പ്രവർത്തകൻ)
മത ചിഹ്നങ്ങൾ അംഗീകരിക്കാനാവില്ല
മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയായവരോട് നേരത്തെ ചരക പ്രതിജ്ഞ എടുക്കണമെന്ന് നിർദേശിച്ചതിന്റെ തുടർച്ചയാണ് എൻ.എം.സിയുടെ ലോഗോ മാറ്റം. അശോകസ്തംഭം മാറ്റി ലോഗോയിൽ ധന്വന്തരിയെ പ്രതിഷ്ഠിക്കുന്നത് പത്തുവർഷം മുമ്പുപോലും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. അശോകസ്തംഭം ബുദ്ധമത ചിഹ്നമാണെങ്കിലും ആരും ആരാധിക്കാറില്ല. അതുപോലല്ലല്ലോ ധന്വന്തരി. ഹിപ്പോക്രാറ്റിക് പ്രതിജ്ഞ എന്നത് ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ ഉത്തരവാദിത്തം നിർവഹിക്കാനും മനുഷ്യരെ കാണാനും പഠിപ്പിക്കുന്ന ഒന്നായിരുന്നു.അത് മാറ്റിയായിരുന്നു അതിന് കടക വിരുദ്ധമായ ചരക പ്രതിജ്ഞ കൊണ്ടുവന്നത്. ഇത്തരം മത ചിഹ്നങ്ങൾ ശാസ്ത്ര ചിന്ത പുലരേണ്ട മെഡിക്കൽ പ്രഫഷണിൽ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല.
(ഡോ. ടി.എസ്.അനീഷ് (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ വിഷയസമിതി ചെയർമാൻ)
മതചിന്ത, ആത്മീയത എന്നിവയുടെ ഇടപെടൽ ആവശ്യമില്ല
മെഡിക്കൽ വിദ്യഭ്യാസം മതേതരമായ പ്ലാറ്റ്ഫോമിൽ നടക്കേണ്ട കാര്യമാണ്. ശാസ്ത്രത്തിന്റെ ,തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ, ഗവേഷണം എന്നിവയൊക്കെ നടക്കേണ്ട ഇടമാണ്.വിശ്വാസപരമായ മതചിന്ത, ആത്മീയത എന്നിവയുടെ ഇടപെടൽ അവയിൽ ആവശ്യമില്ല. സ്വതന്ത്രമായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് ശാസ്ത്രവും അതിന്റെ മറ്റ് ഉൽപന്നങ്ങളും. അതിനിടക്ക് മതമോ , മതചിഹ്നങ്ങളോ ഇന്ത്യൻ ഫിലോസഫിയോ കൊണ്ടുവന്ന് വയ്ക്കുമമ്പോൾ അതിന്റെ സാധ്യതകൾ ഇല്ലാതാകും. നമ്മുടെ ഗവേഷണം, ഫണ്ടിങ്, സുതാര്യത, സ്വതന്ത്രത എന്നിവക്കൊക്കെ ഇൗ മാറ്റങ്ങൾ ബാധിക്കും . അത് ശരിയായ നടപടി അല്ല.
ഡോ. യു. നന്ദകുമാർ( കാപ്സ്യൂൾ കേരള ചെയർമാൻ)
ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനേ ഉപകരിക്കൂ
ആധുനിക വൈദ്യശാസ്ത്രത്തിൻ്റ പുരോഗമനപരമായ നിലപാടുകൾക്ക് യോജിക്കുന്നതല്ല മെഡിക്കൽ കമീഷന്റെ പുതിയ നീക്കം.മാത്രമല്ല ഇന്ത്യയെ പോലുള്ള മത-സാംസ്കാരിക വൈവിധ്യമുള്ള ഒരു രാജ്യത്ത് ഇത്തരം നിരുത്തരവാ ദിത്വ നടപടികൾ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനേ ഉപകരിക്കൂ. ഇത്തരം ചിന്താശൂന്യമായ പ്രവൃത്തി രാജ്യത്തെ ആധുനിക വൈദ്യ ശാസ്ത്ര രംഗത്തെ 100 വർഷം പിന്നോട്ട് തള്ളി വിടുന്ന ഒന്നാണ് . നാഷണൽ മെഡിക്കൽ കമീഷനും ആരോഗ്യ മന്ത്രാലയത്തിനും സംഘടനയുടെ ശക്തമായ പ്രതിഷേധം അറിയിച്ച് കത്തയച്ചിട്ടുണ്ട്.
ആഷിക് ബഷീർ(ജനറൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ജി.പി.എ) സംസ്ഥാന ജോയിന്റ് സെക്രട്ടറി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.