'ഈ അഭിമാന നിമിഷം സഖാവ് ടി.പിക്ക് സമർപ്പിക്കുന്നു'; സ്പീക്കർ കസേരയിൽ കെ.കെ രമ
text_fieldsതിരുവനന്തപുരം: എ.എആ ഷംസീർ നിയമസഭ സ്പീക്കർ ആയി അധികാരമേറ്റതിന് പിന്നാലെ സ്പീക്കര്‍ പാനലിലേക്ക് മൂന്ന് വനിതാ സമാജികരെ തെരഞ്ഞെടുത്തത് ചരിത്രമായിരുന്നു. സ്പീക്കര്‍ പാനലില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ചെയറിലിരുന്ന് സഭാ നടപടികള്‍ നിയന്ത്രിക്കാൻ വടകര എം.എല്‍.എ. കെ.കെ. രമക്ക് അവസരമുണ്ടായി. ബില്ലുകളിന്മേലുള്ള ചര്‍ച്ചയിലാണ് കെ.കെ. രമ സഭ നിയന്ത്രിച്ചത്. ഈ സംഭവത്തിന് വൻ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. സ്പീക്കർ ചെയറിൽ എത്തിയത് സംബന്ധിച്ച് കെ.കെ രമ ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചു.
അവരുടെ കുറിപ്പിൽനിന്ന്:
ഇന്ന് സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികൾ നിയന്ത്രിച്ചു. ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകർന്ന ഒരു ദിനമാണ് കടന്നുപോയത്. നല്ല നിലയിൽ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവൻ സഹപ്രവർത്തകരേയും സ്നേഹമറിയിക്കുന്നു.
എങ്കിലും സ്പീക്കർ പാനലിൽ മൂന്ന് വനിതകൾ തെരെഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് കാണിക്കുന്നത്. ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വർഷമായിട്ടും സ്പീക്കർ പദവിയിൽ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തെരെഞ്ഞടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നത്.
ആ ആത്മവിമർശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദർഭം.
ഈ അഭിമാനനിമിഷം സ: ടി.പിക്ക് സമർപ്പിക്കുന്നു.
കെ.കെ.രമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.