സർക്കാരിന്‍റെ ദുർഭരണത്തിനെതിരായ ജനവിധിയായിരിക്കും ഇത്തവണത്തേത്- മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsകോഴിക്കോട്: എൽ.ഡി.എഫ് സർക്കാരിന്‍റെ ദുർഭരണത്തിന് എതിരായ ജനവിധിയായിരിക്കും ഇത്തവണത്തേതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടത് ഭരണത്തിൽ സമസ്ത മേഖലയിലുമുള്ള ആളുകളും അതീവ നിരാശരും ദു:ഖിതരുമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
63 കോടി കർഷകരാണ് തെരുവുകളിൽ രംഗത്ത് വന്നിട്ടുള്ളത്. നരേന്ദ്ര മോദി ഗവൺമെന്‍റിന്‍റേത് കർഷക വിരുദ്ധ നയവും ലോക്‌സഭ പാസാക്കിയിട്ടുള്ള കരിനിയമവുമാണ്. അതിന്‍റെ തനി പകർപ്പാണ് കേരളത്തിലും. കൃഷിക്കാരോട് യാതൊരു കരുണയും കാണിക്കാത്ത ഗവൺമെന്റാണ് കഴിഞ്ഞ നാലര വർഷക്കാലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനൊക്കെ പുറമേ മലബാറിന്‍റെ നട്ടെല്ലായ അസംഘടിത മേഖലയിലെ തൊഴിലാളികൾ നിരാശരാണ്.
മത്സ്യത്തൊഴിലാളികളോട് ഇത്രയും കരുണ കാണിക്കാത്തൊരു സർക്കാർ ഇതിന് മുൻപുണ്ടായിട്ടില്ല. ഓഖി ദുരന്തകാലം മുതൽ കണ്ടതാണ്. അവഗണിക്കപ്പെട്ട ദുഖിതർ, പീഡിതർ, നിന്ദിതർ ഇവരോടൊന്നും ഈ ഗവണ്മെന്റ് യാതൊരു കരുണയും കാണിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മലബാറിന്‍റെ നട്ടെല്ലായ അസംഘടിത മേഖലയിലെ തൊഴിലാളികൾ നിരാശരാണ്. അവരോട് യാതൊരു നീതിയും കാണിക്കാൻ ഈ സർക്കാരിന് സാധിച്ചിട്ടില്ല.
സ്വന്തം സാമ്രാജ്യം വളർത്തിയിട്ടുള്ള ഒരു കൂട്ടം നേതാക്കളാണ് സി.പി.എമ്മിലുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വളരാത്ത ഒരു നേതാവും സി.പി.എമ്മിലില്ല. എന്താണ് ഇവർ കടന്നു വന്ന വഴി നമ്മൾ ചിന്തിക്കേണ്ടതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.