സാങ്കേതികവിദ്യക്ക് വഴിമാറി വോട്ടെടുപ്പ്; ഇക്കുറി എം3 വോട്ടുയന്ത്രം
text_fieldsആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ പുതിയ സാങ്കേതികവിദ്യയിലെ എം 3 വോട്ടുയന്ത്രങ്ങൾ ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്. ഇതുവരെ ഉപയോഗിച്ച എം 2 യന്ത്രങ്ങളെ അപേക്ഷിച്ച് എം 3 യന്ത്രങ്ങൾക്ക് പോളിങ്ങിൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കാനാകും.
എം 3 യന്ത്രത്തിൽ ഒരേസമയം നോട്ട ഉൾെപ്പടെ 384 സ്ഥാനാർഥികളുടെ പേരുചേർക്കാനാകും. എം 2വിൽ 64 സ്ഥാനാർഥികളുടെ പേരുകൾ മാത്രമാണ് ഉൾപ്പെടുത്താനായിരുന്നത്. യന്ത്രത്തകരാറുകൾ സ്വയം കണ്ടെത്താൻ സാധിക്കുമെന്നതാണ് എം 3 യന്ത്രത്തിെൻറ മറ്റൊരു പ്രത്യേകത. തകരാറിലായ ഇ.വി.എം യന്ത്രങ്ങൾ പെട്ടെന്ന് കണ്ടെത്താനും സാധിക്കും. ബാറ്ററിനില യന്ത്രത്തിൽ ഡിസ്പ്ലേ ചെയ്യുന്നത് വഴി പ്രിസൈഡിങ് ഓഫിസർക്ക് വിവരങ്ങൾ അറിയാനും പെട്ടെന്ന് തകരാറുകൾ പരിഹരിക്കാനും സാധിക്കും.
എം 3 യന്ത്രങ്ങളിൽ ബാറ്ററിയുടെ ഭാഗവും കാൻഡിഡേറ്റ് സെറ്റ് കമ്പാർട്ട്മെൻറും പ്രത്യേകമായാണ് ക്രമീകരിച്ചിരിക്കുന്നത്. ബാറ്ററികൾ തകരാറിലാകുന്ന സാഹചര്യത്തിൽ യന്ത്രം പൂർണമായി ഒഴിവാക്കാതെ ബാറ്ററി മാറ്റാനാകും. ഇതുവഴി ബൂത്തുകളിൽ സമയനഷ്ടം പരിഹരിക്കാം. കനം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമാണിത്. ജില്ലയിൽ 3500 കൺട്രോൾ യൂനിറ്റാണ് തെരഞ്ഞെടുപ്പിന് തയാറായിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് എം 3 യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.