ഇത്തവണ തൃശൂർ പൂരം ലോകം ശ്രദ്ധിക്കുന്ന ദൃശ്യവിസ്മയമാവും -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsതൃശൂർ: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ലോകം ശ്രദ്ധിക്കുന്ന ദൃശ്യവിസ്മയമായി ഇത്തവണത്തെ തൃശൂര്‍ പൂരം മാറുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുവരെ കാണാത്ത ജനത്തിരക്കാണ് പൂരത്തിന് പ്രതീക്ഷിക്കുന്നത്.
സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കോവിഡ് കാലത്തിന് ശേഷം ലോകത്താകമാനം കാണുന്ന 'റിവഞ്ച് ടൂറിസം' എന്ന പ്രവണത തൃശൂര്‍ പൂരത്തില്‍ ദൃശ്യമാകും. കോവിഡാനന്തരം ജനങ്ങള്‍ വാശിയോടെ പുറത്തിറങ്ങുന്ന പ്രവണതയാണിത്.
തൃശൂര്‍ പൂരത്തിനായി ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ 15 ലക്ഷം അനുവദിച്ചു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. തൃശൂര്‍ പൂരം കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു. പൂരം ഒരുക്കങ്ങള്‍ വിലയിരുത്താൻ രാമനിലയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമായും റവന്യൂ, കോര്‍പറേഷന്‍, പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ദൃശ്യ-വാദ്യ-ശബ്ദ വിസ്മയമായ തൃശൂര്‍ പൂരം പൂർവാധികം ഭംഗിയോടെ നടത്താനുള്ള സംവിധാനങ്ങളാണ് നടത്തിവരുന്നതെന്നും സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ കൃത്യമായി വിലയിരുത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. പൂരം വെടിക്കെട്ട് റൗണ്ടിലും പരിസരങ്ങളിലും നിന്ന് വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് സാഹചര്യം ഒരുക്കണമെന്ന ആവശ്യം പെസോ, മറ്റ് ഏജന്‍സികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പി. ബാലചന്ദ്രന്‍ എം.എല്‍.എ, മേയർ എം.കെ. വർഗീസ്, കലക്ടര്‍ ഹരിത വി. കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.