ഇത്തവണയും മുടങ്ങിയില്ല; തപാൽ വോട്ട് ചെയ്ത് ഗൗരിയമ്മ
text_fieldsആലപ്പുഴ: വോട്ടുതേടലും വോട്ടുചെയ്യലും രാഷ്ട്രീയവുമൊന്നും ഗൗരിക്ക് ഒരുകാലത്തും വീട്ടുചുമരിനകത്തുള്ള കാര്യങ്ങളായിരുന്നില്ല. പേക്ഷ, ശാരീരിക അവശതകളും മഹാമാരിക്കെതിരായ കരുതലും കണക്കിലെടുത്ത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും മുതിർന്ന നേതാവ് കെ.ആർ. ഗൗരിയമ്മ ചാത്തനാട്ടെ കളത്തിൽപറമ്പിൽ വീട്ടിലിരുന്ന് ആദ്യമായി തപാൽ വോട്ട് ചെയ്തു. എത്ര അവശതകളുണ്ടെങ്കിലും ഇക്കാലമത്രയും വോട്ടു ചെയ്യാതിരുന്നിട്ടില്ല ഗൗരിയമ്മ.
വീണു പരിക്കേറ്റ് എല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ ഫിസിയോതെറപ്പി തുടരുന്നതിനാലും കോവിഡ് മുൻനിർത്തിയും മനസ്സില്ലാമനസ്സോടെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രമാണ് അവർ വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നത്.
നിയമസഭയിലേക്ക് തപാൽവോട്ട് ചെയ്യാമെന്ന വിവരം അറിഞ്ഞതു മുതൽ ഗൗരിയമ്മ ഉത്സാഹത്തിലായിരുന്നു. തപാൽവോട്ട് തുടങ്ങിയ ഞായറാഴ്ചതന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പ്രതീക്ഷിച്ചിരുന്ന അവർ വൈകുേന്നരമായിട്ടും കാണാതായതോടെ ജില്ല കലക്ടറെ വിവരം അറിയിക്കണമെന്ന് ജെ.എസ്.എസ് സംസ്ഥാന പ്രസിഡൻറ് സംഗീത് ചക്രപാണിയെ വിളിച്ചറിയിച്ചു.
അദ്ദേഹം ബന്ധപ്പെട്ടപ്പോൾ തിങ്കളാഴ്ച രാവിലെ എത്തുമെന്ന വിവരം ലഭിച്ചു. രാവിലെ 11.15നാണ് കളത്തിപ്പറമ്പിൽ വീട്ടിൽ പോളിങ് ഉദ്യോഗസ്ഥർ എത്തി. മൈക്രോ ഒബ്സർവർ ശ്യാംജി, പോളിങ് ഓഫിസർ പ്രിയകുമാരി എന്നിവർ ഹാർഡ്ബോഡുകൊണ്ട് ബൂത്ത് തയാറാക്കി, കേരള രാഷ്ട്രീയത്തിലെ തുല്യതയില്ലാത്ത വനിതനേതാവിനെ വോട്ടിനു ക്ഷണിച്ചു. അവശത മറന്ന് അവർ എത്തി പരസഹായമില്ലാതെതന്നെ വോട്ടു ചെയ്തു. ഒപ്പിനുപകരം വിരലടയാളമാണ് പതിപ്പിച്ചത്. തുടർന്ന് പേനകൊണ്ട് ടിക്കോ ഇൻറുവോ ഇടണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി.
വോട്ടിങ് നടപടി തുടങ്ങുന്നതിനുമുമ്പ് ആവേശത്തോടെ 'ഉറപ്പാണ് എൽ.ഡി.എഫ്'എന്നുപറഞ്ഞത് അത്ഭുതമായെന്ന് സംഗീത് ചക്രപാണി 'മാധ്യമ'ത്തോട് പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ മുൻനിർത്തി ഗൗരിയമ്മ റിവേഴ്സ് ക്വാറൻറീനിൽ കഴിയുന്നതിനാൽ ആരെയും വീട്ടിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സുരക്ഷ ഉേദ്യാഗസ്ഥനായ സിവിൽ പൊലീസ് ഓഫിസർ കെ.എൽ. ജോണും ബന്ധുവും സഹായിയുമായ ഇൻഡസും വീട്ടിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.