ഈ വർഷം ആയിരം കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുമെന്ന് പി. പ്രസാദ്
text_fieldsതിരുവനന്തപുരം : ഈ വർഷം സംസ്ഥാനത്ത് നിന്നുള്ള ആയിരം കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. പ്രസാദ്. എറണാകുളം മറൈൻ ഡ്രൈവിൽ കേരാളാഗ്രോ എന്ന ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിലെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ഘട്ടത്തിൽ നൂറ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും ഇതിനോടകം 131 മൂല്യവർധിത ഉൽപ്പന്നങ്ങളാണ് ഓൺലൈനിൽ എത്തിച്ചത്. ഭൗമ സൂചിക പദവി ലഭിച്ച കാർഷിക വിളകളുടെ ഉൽപ്പന്നങ്ങൾകൂടി ഘട്ടം ഘട്ടമായി ഓൺലൈൻ വിപണിയിലെത്തിക്കും. ആയിരം ഉൽപ്പന്നങ്ങൾ എന്ന ലക്ഷ്യത്തിലേക്കെത്താൻ എല്ലാ കൃഷി ഭവനുകളിൽ നിന്നും ഒരു മൂല്യവർധിത ഉൽപ്പന്നമെങ്കിലും തയാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പശ്ചിമഘട്ടത്തിൽ വളരുന്നതിനാൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വിഷരഹിത കാർഷിക വിളകൾക്ക് മികച്ച ഗുണമേന്മയുള്ളതിനാൽ കേരളത്തിന് പുറത്ത് നിരവധി ആവശ്യക്കാരാണുള്ളത്. ഉൽപ്പന്നങ്ങൾ ഏറ്റവും മികച്ച പാക്കറ്റുകളിൽ വിതരണം ചെയ്യുന്നതിനായി മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങിന്റെ സഹായം തേടിയിട്ടുണ്ട്.
കാർഷിക മേഖലയിൽ കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തിന് സർക്കാർ തുടക്കം കുറിച്ചു. കൃഷിയുടെ വികസനത്തിനായി ഒരു കൃഷി ഭവനിൽ 10 ഫാം പ്ലാനുകൾ എന്ന അടിസ്ഥാനത്തിൽ 10,760 ഫാം പ്ലാനുകൾ തയാറാക്കി. കാർഷിക മേഖലയെ മൂല്യവർധിത കൃഷിയിലേക്ക് മാറ്റുന്നതിനായി മൂല്യ വർധിത കമ്മീഷന് രൂപം കൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 11 വകുപ്പുകളെ ഉൾപ്പെടുത്തിയാണ് കമീഷൻ രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളാഗ്രോയുടെ പ്രചാരണാർത്ഥം തയാറാക്കിയ കിയോസ്ക്കുകളുടെ അനാച്ഛാദനം മന്ത്രി നിർവഹിച്ചു. സഹകരണ എക്സ്പോ 2023 വേദിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.