Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ വർഷത്തെ ഓണം വാരാഘോഷം...

ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ

text_fields
bookmark_border
ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ
cancel

തിരുവനന്തപുരം : ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു.

ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ, പ്രത്യേക സെയിൽസ് പ്രൊമോഷൻ ഗിഫ്റ്റ് സ്കീമുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ മുതലായവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തി. ഹോർട്ടികോർപ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകൾ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളിൽ കുടുംബശ്രീ ചന്തകൾ സംഘടിപ്പിക്കും. കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്സിഡി വിപണികൾ ആരംഭിക്കും.

പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക ഓണച്ചന്തകളും സഹകരണ മാർക്കറ്റുകളും ആരംഭിക്കും. ആവശ്യമായ പച്ചക്കറികൾ പരമാവധി കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. എ.എ.വൈ വിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്പെഷ്യൽ പഞ്ചസാര വിതരണം, സ്കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രത്യേക കിറ്റുകൾ എന്നിവ സപ്ലൈക്കോ ഓണത്തിനുമുമ്പ് വിതരണം ചെയ്യും. പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകൾ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.

എല്ലാ വകുപ്പുകളുടെയും ഫ്ളോട്ട് തയ്യാറാക്കും. സാംസ്കാരിക പരിപാടികൾ ചെലവ് ചുരുക്കി നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഓണം വാരാഘോഷത്തോടനുബന്ധിച്ച് കവടിയാർ മുതൽ മണക്കാട് വരെ ഉത്സവ മേഖലയായി പ്രഖ്യാപിക്കും. അനിഷ്ട സംഭവങ്ങളില്ലാതിരിക്കാൻ പൊലീസ് പ്രത്യേക ശ്രദ്ധയും മുന്നൊരുക്കങ്ങളും നടത്തും. ടൂറിസ്റ്റുകൾക്ക് ആവശ്യമായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തും. ഗതാഗത ക്രമീകരണം മുൻകൂട്ടി ആസൂത്രണം ചെയ്യണം.

വാഹന പാർക്കിങിൽ വ്യക്തത വരുത്തണം. ലഹരി വസ്തുക്കൾ കൈവശം വെക്കൽ, ഉപഭോഗം, വിതരണം എന്നിവ കർശനമായി നിയന്ത്രിക്കാൻ പ്രത്യേക പരിശോധന നടത്തും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിപണിയിലില്ലെന്ന് ഉറപ്പാക്കാൻ പരിശോധന കർശനമാക്കും. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഉൽപന്നങ്ങൾ/പാക്കറ്റുകൾ പരമാവധി നിരുത്സാഹപ്പെടുത്തും. എല്ലാ കടകളിലും ഓണച്ചന്തകളിലും തുണിസഞ്ചികൾ, പേപ്പർ ബാഗുകൾ മുതലായവ ഉണ്ടെന്ന് ഉറപ്പാക്കണം. ദിവസവും ഉൽപാദിപ്പിക്കപ്പെടുന്ന ജൈവ, അജൈവ മാലിന്യങ്ങൾ അതത് ദിവസം നീക്കം ചെയ്യാനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

യോ​ഗത്തിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, സജി ചെറിയാൻ, ജി.ആർ. അനിൽ, എം.ബി. രാജേഷ്, പി. പ്രസാദ്, വി. ശിവൻകുട്ടി, വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam week celebration13th to 19th September
News Summary - This year's Onam week celebration is from 13th to 19th September
Next Story