അധ്യാപകന്‍റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി 13 വർഷത്തിനുശേഷം പിടിയിൽ
text_fieldsകൊച്ചി: ചോദ്യപേപ്പറിലെ മതനിന്ദയുടെ പേരിൽ തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ പെരുമ്പാവൂർ അശമന്നൂർ നൂലേലി മുടശ്ശേരി സവാദ് (38) കണ്ണൂർ മട്ടന്നൂരിൽനിന്ന് പിടിയിൽ. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സവാദിനെ ബുധനാഴ്ച പുലർച്ച ബേരത്തിലെ വാടകവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് ഉച്ചക്കുശേഷം കൊച്ചിയിൽ എത്തിച്ചു.
സംഭവം നടക്കുമ്പോൾ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു സവാദ്. കുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിന് ആലുവയിൽ നിന്ന് സവാദ് ബംഗളൂരുവിലേക്ക് കടന്നതായി അന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ, 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. ഇയാൾ വിദേശത്തേക്ക് കടന്നതാണെന്ന നിഗമനത്തിലും അന്വേഷണ ഏജൻസികൾ എത്തിയിരുന്നു. 2011 മാർച്ചിലാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്.
സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞവർഷം മാർച്ചിലാണ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ആദ്യം നാലുലക്ഷം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക ഉയർത്തിയത്. സവാദിനെ വിദേശത്ത് കണ്ടതായ രഹസ്യവിവരത്തെ തുടർന്ന് എൻ.ഐ.എ അന്വേഷണം ശക്തമാക്കിയിരുന്നു.
നയതന്ത്ര പാർസൽ സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളും ദുബൈയിൽ സവാദിനെ കണ്ടതായി മൊഴി നൽകിയിരുന്നു. ‘റോ’ അടക്കമുള്ളവയും സവാദിനായി അന്വേഷണം നടത്തിയിരുന്നു. അഫ്ഗാനിസ്താൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. സവാദ് സിറിയയിലേക്ക് കടന്നതായി പ്രചാരണമുണ്ടായെങ്കിലും അതിനും തെളിവ് ലഭിച്ചില്ല. കൂട്ടുപ്രതികളുമായി സംഭവത്തിനുശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല.
നേപ്പാളിൽ ഏറെക്കാലം ഒളിവിൽ താമസിച്ച പ്രതി എം.കെ. നാസറിനൊപ്പം സവാദുണ്ടെന്നായിരുന്നു നാട്ടിലുള്ള അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുമാനം. എന്നാൽ, കീഴടങ്ങിയ നാസറിനെ വിശദമായി ചോദ്യം ചെയ്തെങ്കിലും സവാദിനെ സംബന്ധിച്ച് വിവരം ലഭിച്ചില്ല. കുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിന് സവാദിനെ അവസാനമായി കണ്ടത് കേസിൽ കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതി സജിലായിരുന്നു. അധ്യാപകന്‍റെ കൈവെട്ടാൻ ഉപയോഗിച്ച മഴുവുമായാണ് സവാദ് കടന്നത്.
ക്രൈംബ്രാഞ്ചിനും എൻ.ഐ.എക്കും മഴു ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിനിടയിൽ സവാദിന് ചെറിയതോതിൽ പരിക്കേറ്റിരുന്നു. പരിക്കുമായി സവാദ് ആലുവ വരെ എത്തിയതിന് തെളിവുണ്ടെങ്കിലും അവിടെനിന്ന് എങ്ങോട്ടാണ് നീങ്ങിയതെന്ന് സംഘത്തിലെ മറ്റുള്ളവർക്കും അറിയില്ലായിരുന്നു. എട്ടുവർഷം മുമ്പ് കാസർകോട്ടുനിന്ന് വിവാഹം കഴിഞ്ഞ സവാദ്, ഷാജഹാന്‍ എന്ന പേരിലായിരുന്നു ഒളിവിൽ കഴിഞ്ഞത്. മരപ്പണിയെടുത്തായിരുന്നു ജീവിതം.
മറ്റ് പ്രതികൾ നേരത്തേ പിടിയിൽ
54 പ്രതികളുള്ള കേസിൽ മറ്റ് പ്രതികളുടെ വിചാരണ ഇതിനകം പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 13 പേരെ കോടതി ശിക്ഷിച്ചു. ഇവരിൽ മൂന്നുപേർക്ക് ജീവപര്യന്തവും മറ്റ് മൂന്നുപേർക്ക് മൂന്നുവർഷം വീതം തടവുമാണ് ശിക്ഷ. 18 പേരെ വിട്ടയച്ചു. രണ്ടാംഘട്ട വിചാരണയില്‍ ആറ് പ്രതികൾകൂടി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. അഞ്ചുപേരെ വെറുതെ വിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.