തീ പടരുമ്പോൾ അസ്ന വിളിച്ചു; ''ചേട്ടായി ഓടിവാ...''
text_fieldsതൊടുപുഴ:''ചേട്ടായി, രക്ഷിക്ക്, ഓടിവാ'' എന്ന് 13കാരി അസ്നയുടെ ഫോണിലൂടെയുള്ള നിലവിളിയാണ് അയൽവാസി രാഹുലിന്‍റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നത്. കളിചിരികളുമായി എപ്പോഴും വീട്ടിലേക്ക് ഓടിവരുന്ന ആ കുട്ടികളുടെ മുഖം മനസ്സിൽനിന്ന് മായുന്നില്ലെന്ന് നെഞ്ചുപൊട്ടി രാഹുൽ പറഞ്ഞു.
കൊല്ലപ്പെട്ട ഫൈസലിന്‍റെയും കുടുംബത്തിന്‍റെയും വീടിന്‍റെ തൊട്ടുമുകളിലായാണ് രാഹുൽ താമസിക്കുന്നത്. മുഹമ്മദ് ഫൈസലും ഷീബയും കടയില്‍ പോകുമ്പോള്‍ മക്കളായ മെഹ്റിനും അസ്‌നയും രാഹുലിന്‍റെ വീട്ടിലായിരുന്നു കൂടുതൽ സമയവും. സ്വന്തം മക്കളെപ്പോലെയായിരുന്നു അവർ തനിക്കെന്ന് രാഹുൽ പറയുന്നു. 15 വര്‍ഷമായി ഫൈസലിന്‍റെ കുടുംബവുമായി നല്ല ബന്ധമാണ്. ദിവസത്തിൽ ഒരുവട്ടമെങ്കിലും കുട്ടികൾ വീട്ടിൽ വരും. വിഷുവും പെരുന്നാളും കുട്ടികളുടെ പിറന്നാളുകളും ഒരുമിച്ചാണ് ആഘോഷിക്കുന്നതും. ശനിയാഴ്ച പുലർച്ച പന്ത്രണ്ടരയോടെയാണ് മെഹ്റിന്റെ ഫോണ്‍കാള്‍ വരുന്നത്.
''ചേട്ടായി, ഞങ്ങളെ രക്ഷിക്കണേ'' എന്ന നിലവിളിയോടെ ഫോൺ കട്ടായി. ഞൊടിയിടയിൽ ലൈറ്റിട്ട് താഴേക്ക് കുതിച്ചു. വീടിനടുത്തെത്തുമ്പോൾ കുട്ടികളുടെയടക്കം അലർച്ചയാണ് കേൾക്കുന്നത്. മുന്‍വശത്തെ വാതില്‍ തകർത്ത് അകത്തെത്തുമ്പോൾ ഒരുനിമിഷം തരിച്ചുപോയി. വീട്ടിലാകെ പെട്രോളിന്റെയും പുകയുടെയും മണം. രണ്ടുംകൽപിച്ച് അടഞ്ഞുകിടന്ന കിടപ്പുമുറിയും ചവിട്ടിത്തുറന്നു. വലിയ അഗ്നിഗോളമാണ് മുറിക്കുള്ളിൽ. തീയും പുകയുമല്ലാതെ മറ്റൊന്നും കാണാൻ കഴിയുന്നില്ല.
ഈ സമയം അകത്തേക്ക് ഓടിയെത്തിയ ഹമീദ് പെട്രോള്‍ നിറച്ച കുപ്പികൾ വീണ്ടുമെറിഞ്ഞു. ഇതോടെ മുറിക്കുള്ളിൽ തീ വീണ്ടും ആളിപ്പടർന്നു. ഇതിനിടെ രാഹുൽ ഹമീദിനെ പുറത്തേക്ക് തള്ളിയിട്ടു. അകത്തേക്ക് കയറാൻ കഴിയാത്ത രീതിയിൽ തീ വ്യാപിച്ചതോടെ പുറത്തേക്ക് വായെന്ന് ഫൈസലിനോടും മക്കളോടും അലറിക്കരഞ്ഞ് പറഞ്ഞെങ്കിലും അവരുടെ നിലവിളി മാത്രമാണ് കേൾക്കാൻ കഴിഞ്ഞത്. ഇതിനിടെ നാട്ടുകാരുമെത്തി.
എല്ലാവരും ചേർന്ന് വെള്ളമൊഴിച്ച് കെടുത്തി ശൗചാലയത്തിൽ എത്തിനോക്കുമ്പോൾ നാലുപേരുടെയും ജീവനറ്റ ശരീരമാണ് കണ്ടതെന്ന് രാഹുൽ പറഞ്ഞുനിർത്തുമ്പോൾ കണ്ണീർ ചാലിട്ട് ഒഴുകുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.