തൊടുപുഴയിൽ കാണാതായ ബിജുവിന്റെ മൃതദേഹം ഗോഡൗണിലെ മാൻഹോളിൽ; ബിസിനസ് പങ്കാളി ഉൾപ്പെടെ കസ്റ്റഡിയിൽ
text_fieldsതൊടുപുഴ: ബിസിനസ് പങ്കാളിത്തത്തിലെ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി കൊന്ന് ഗോഡൗണിലെ മാലിന്യക്കുഴിയിലെ മാൻഹോളിൽ തള്ളിയ സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. തൊടുപുഴ ചുങ്കം മുളയിങ്കല്‍ ബിജു ജോസഫ് (50) ആണ് കൊല്ലപ്പെട്ടത്.
ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന് ജോസഫ് (51), ക്വട്ടേഷന്‍ സംഘാംഗങ്ങളായ എറണാകുളം എടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂര്‍ ചെറുപുഴ കളരിക്കല്‍ ജോമിന് കുര്യന് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരിട്ട് ഇടപെട്ട കാപ്പ കേസ് പ്രതിയായ എറണാകുളം സ്വദേശി ആഷിക് ജോൺസനെ (27) മറ്റൊരു കേസിൽ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.
വ്യാഴാഴ്ച പുലർെച്ച 4.45ഓടെ വീട്ടിൽനിന്ന് സ്കൂട്ടറിൽ പോയ ബിജുവിനെ വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദമുണ്ടാക്കാതിരിക്കാൻ വാഹനത്തിൽ വെച്ച് കഴുത്തിൽ അമർത്തിപ്പിടിച്ചതോടെയാണ് കൊല്ലപ്പെട്ടത്. ഭാര്യ മഞ്ജു വെള്ളിയാഴ്ച തൊടുപുഴ പൊലീസിൽ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവങ്ങൾ പുറത്തുവന്നത്.
ബിജുവും ജോമോനും ബിസിനസ് ഇടപാടുകൾ അവസാനിപ്പിച്ചപ്പോൾ അർഹമായ ഷെയർ ലഭിച്ചില്ലെന്നായിരുന്നു ജോമോന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ചർച്ച നടത്തിയിരുന്നു. ഈ ധാരണയും ബിജു പാലിച്ചില്ലെന്നാണ് പ്രതി പറയുന്നത്. വ്യാഴാഴ്ച രാവിലെ ആരോ നിലവിളിച്ച് വാനിൽ യാത്ര ചെയ്തതായി ബിജുവിന്റെ സമീപവാസികളും പൊലീസിൽ ഫോൺ വിളിച്ച് പരാതി പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ സി.സി.ടി.വി അന്വേഷണത്തിലൂടെ പ്രതികളിലേക്ക് എത്തി.
സഹോദരനില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജോമോനെ ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നും മറ്റു പ്രതികളെ എറണാകുളത്തുനിന്നും പിടികൂടുകയായിരുന്നു. രണ്ടു തവണ ക്വട്ടേഷൻ നൽകിയിരുന്നെന്നും അവ പാളിയെന്നും ജോമോൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജോമോന്റെ ഡ്രൈവർകൂടിയായ ജോമിനിലൂടെയാണ് ക്വട്ടേഷൻ സംഘത്തിലേക്ക് എത്തുന്നത്.
. അഞ്ച് അടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളില്‍ തള്ളിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ ശ്രമകരമായി പുറത്തെടുത്ത മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, എസ്.എച്ച്.ഒമാരായ വി.സി. വിഷ്ണുകുമാര്‍, ഇ.കെ. സോള്‍ജിമോന്‍, എസ്.ഐ എന്‍.എസ്. റോയി, തൊടുപുഴ തഹസില്‍ദാര്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. മഞ്ജുവാണ് മരിച്ച ബിജുവിന്റെ ഭാര്യ. മക്കള്‍: അലീന, ആഷ്ലി, ആന്‍ഡ്രൂസ. സംസ്കാരം തിങ്കളാഴ്ച ചുങ്കം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.